ഓസ്ട്രേലിയന്‍ ഇതിഹാസ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് 35-കാരനായ താരത്തിന്റെ വിരമിക്കല്‍ തീരുമാനം. ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായാണ് സ്റ്റാര്‍ക്ക് ടി20 ക്രിക്കറ്റില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുന്നത്.
2012-ല്‍ പാകിസ്ഥാനെതിരെ ടി20യില്‍ അരങ്ങേറ്റം കുറിച്ച സ്റ്റാര്‍ക്ക്, 65 മത്സരങ്ങളില്‍ നിന്ന് 79 വിക്കറ്റുകള്‍ നേടി. ടി20 ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമാണ് അദ്ദേഹം. 2021-ല്‍ ഓസ്ട്രേലിയ ടി20 ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ വിജയത്തില്‍ സ്റ്റാര്‍ക് നിര്‍ണായക പങ്കുവഹിച്ചു.
ടെസ്റ്റ് ക്രിക്കറ്റിനാണ് താന്‍ എപ്പോഴും മുന്‍ഗണന നല്‍കിയിരുന്നതെന്ന് സ്റ്റാര്‍ക്ക് തന്റെ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. 2027-ല്‍ നടക്കുന്ന ഏകദിന ലോകകപ്പും ആഷസ് സീരീസും ഉള്‍പ്പെടെ വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് ഫിറ്റായി തുടരാന്‍ ഈ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിരമിക്കല്‍, ഓസ്ട്രേലിയന്‍ ടീമിലെ യുവ ബൗളര്‍മാര്‍ക്ക് അടുത്ത ടി20 ലോകകപ്പിനായി തയ്യാറെടുക്കാന്‍ അവസരം നല്‍കുമെന്നും സ്റ്റാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.