വിമാനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല. വിമാന സുരക്ഷാനിയമം കേസില്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേസില്‍ പ്രോസിക്യൂഷന് അനുമതി നിഷേധിക്കുകയായിരുന്നു.
2022 ജൂണ്‍ 13-ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഫര്സീന് മജീദ്, ആര്.കെ. നവീന്‍കുമാര്‍, സുനിത് നാരായണന് എന്നിവര്‍ക്കെതിരെ വധശ്രമത്തിന് പുറമേ വ്യോമയാന നിയമത്തിലെ വകുപ്പുകളും ചുമത്തിയിരുന്നു. ഗൂഢാലോചനക്കുറ്റത്തിന് മുന്‍ എം.എല്‍.എ. കെ.എസ്. ശബരീനാഥനെയും പ്രതിചേര്‍ത്തിരുന്നു.
പ്രത്യേക സംഘം അന്വേഷണം പൂര്‍ത്തിയാക്കി പ്രോസിക്യൂഷന് അനുമതിക്കായി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. വിമാന സുരക്ഷാ നിയമം ഉള്‍പ്പെട്ടതിനാല്‍ കേന്ദ്രാനുമതി ആവശ്യമായിരുന്നു. എന്നാല്‍, മൂന്ന് വര്‍ഷമായി നിരവധി തവണ കത്ത് നല്‍കിയിട്ടും കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് അപേക്ഷ നിഷേധിച്ചുകൊണ്ടുള്ള മറുപടി ലഭിച്ചത്. വിമാന സുരക്ഷാ നിയമം ഒഴിവാക്കി വധശ്രമം മാത്രം ചുമത്തി കുറ്റപത്രം സമര്‍പ്പിക്കാനാണ് ഇനി പോലീസിന്റെ നീക്കം.
അതേസമയം, കേസിലെ തുടര്‍ നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി. സംഭവം നടന്ന് 3 വര്‍ഷത്തിന് ശേഷമാണ് കേന്ദ്രം അനുമതി നിഷേധിക്കുന്നത്.