Voter Adhikar Yathra| വോട്ടര്‍ അധികാര്‍ യാത്ര നാളെ സമാപിക്കും; പട്‌നയില്‍ മഹാറാലി; ഇന്ത്യ മുന്നണി നേതാക്കള്‍ അണിനിരക്കും

Jaihind News Bureau
Sunday, August 31, 2025

പട്ന: വോട്ട് കൊള്ളയ്ക്കും ഭരണഘടനാ സംരക്ഷണത്തിനുമെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര നാളെ സമാപിക്കും. പട്നയിലെ ഗാന്ധി മൈതാനത്ത് നിന്ന് ആരംഭിച്ച് അംബേദ്കര്‍ പാര്‍ക്കില്‍ അവസാനിക്കുന്ന പദയാത്രയോടെയാണ് 14 ദിവസം നീണ്ടുനിന്ന യാത്രക്ക് പരിസമാപ്തിയാകുന്നത്. ‘ഇന്ത്യ’ മുന്നണിയിലെ മുതിര്‍ന്ന നേതാക്കള്‍ സമാപന പദയാത്രയില്‍ പങ്കെടുക്കും.

ഓഗസ്റ്റ് 17-ന് ബിഹാറിലെ സസറാമില്‍ നിന്നാണ് വോട്ടര്‍ അധികാര്‍ യാത്ര ആരംഭിച്ചത്. സംസ്ഥാനത്തെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോയ യാത്ര ഇന്ത്യ സഖ്യത്തിന് വലിയ ജനപിന്തുണ നേടിക്കൊടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സച്ചിന്‍ പൈലറ്റ്, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, കനിമൊഴി എം.പി. തുടങ്ങിയ പ്രമുഖ നേതാക്കള്‍ യാത്രയില്‍ അണിനിരന്നിരുന്നു.

യാത്രയുടെ അവസാന ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനുമൊപ്പം സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും അണിനിരന്നു. ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അഖിലേഷ് യാദവ് ഉന്നയിച്ചത്. ‘ബിജെപിയുടെ ലക്ഷ്യം വോട്ട് മോഷണമല്ല, വോട്ട് കൊള്ളയാണ്,’ എന്ന് അദ്ദേഹം പറഞ്ഞു. പര്യടനത്തിന്റെ അവസാന ഘട്ടത്തിലും വലിയ ജനപിന്തുണയാണ് യാത്രയ്ക്ക് ലഭിച്ചത്. ഇന്ന് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നാളെ നടക്കുന്ന മഹാറാലിയോടെ വോട്ടര്‍ അധികാര്‍ യാത്ര അവസാനിക്കും.