വീട് നിര്‍മ്മാണത്തിന് അനുവാദമില്ല; കാഞ്ചിയാര്‍ പഞ്ചായത്തിന് മുന്നില്‍ കാന്‍സര്‍ രോഗിയായ വീട്ടമ്മയുടെ നിരാഹാര സമരം

Jaihind News Bureau
Saturday, August 30, 2025

പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ.) പദ്ധതിയില്‍ അനുവദിച്ച വീടിന് പെര്‍മിറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വിധവയും കാന്‍സര്‍ രോഗിയുമായ വീട്ടമ്മ കാഞ്ചിയാര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. കോവില്‍മല പുതുപ്പറമ്പില്‍ വീണ ഷാജിയാണ് സമരമാരംഭിച്ചത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ സമരം തുടരുമെന്ന് അവര്‍ അറിയിച്ചു.

കോവില്‍മലയിലെ തേക്ക് പ്ലാന്റേഷന് സമീപം 50 വര്‍ഷമായി താമസിക്കുകയാണ് വീണയും കുടുംബവും. ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്ന ഇവരുടെ വീടിന് പകരം പുതിയത് പണിയാന്‍ പി.എം.എ.വൈ. പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്ത് വീട് അനുവദിച്ചു. എന്നാല്‍, വീടിന്റെ തറ പണി ആരംഭിച്ചപ്പോള്‍ വനം വകുപ്പ് തടസ്സപ്പെടുത്തി.

വീടിന് പെര്‍മിറ്റ് ലഭിക്കുന്നതിനായി വീണ ഷാജി പഞ്ചായത്ത് ഓഫീസുകള്‍ പലതവണ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിനെ പലതവണ കണ്ടെങ്കിലും പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കുക മാത്രമാണ് ചെയ്തതെന്നും നടപടിയൊന്നും ഉണ്ടായില്ലെന്നും വീണ ഷാജി ആരോപിച്ചു.

വീണ ഷാജിയെ കൂടാതെ ഇതേ പ്രദേശത്തെ മറ്റ് ഇരുപതോളം കുടുംബങ്ങളും സമാനമായ ദുരിതങ്ങള്‍ നേരിടുകയാണ്. അധികാരികളുടെ അവഗണനയില്‍ മനംനൊന്താണ് ഈ കടുത്ത തീരുമാനമെടുത്തതെന്നും, നടപടിയുണ്ടായില്ലെങ്കില്‍ മരണം വരെ നിരാഹാരം തുടരാന്‍ തയ്യാറാണെന്നും വീണ ഷാജി കൂട്ടിച്ചേര്‍ത്തു.