തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഭവന സന്ദര്‍ശനം പുരോഗമിക്കുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പേരാവൂര്‍ നിയോജക മണ്ഡലത്തിലെ ആറളം എടൂരില്‍ ഭവന സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.
ശനിയാഴ്ച രാവിലെ ആറളം മണ്ഡലത്തിലെ എടൂരിലുള്ള വീടുകളിലാണ് സന്ദര്‍ശനം നടത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹപരമായ നയങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഈ സന്ദര്‍ശനം. പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കെപിസിസി പ്രസിഡന്റിനൊപ്പം പങ്കെടുത്തു.
വീടുകളില്‍ എത്തിയ സണ്ണി ജോസഫ് എംഎല്‍എ വീട്ടുകാരുമായി സംസാരിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ‘വോട്ടര്‍ അധികാര്‍ യാത്രയ്ക്ക്’ പിന്തുണ തേടിയ അദ്ദേഹം, ഭവന സന്ദര്‍ശനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും പറഞ്ഞു.
പായം പഞ്ചായത്തിലെ തന്തോട് വാര്‍ഡിലെ സ്വന്തം വീട്ടില്‍ സന്ദര്‍ശനം നടത്തിയാണ് സണ്ണി ജോസഫ് എംഎല്‍എ ഇന്നലെ പരിപാടിക്ക് തുടക്കം കുറിച്ചത്. വരും ദിവസങ്ങളിലും സന്ദര്‍ശനം തുടരും. നാളെ ഇരിട്ടി, കീഴ്പ്പള്ളി എന്നിവിടങ്ങളിലും തിങ്കളാഴ്ച മുഴക്കുന്ന്, കണിച്ചാര്‍, കേളകം എന്നിവിടങ്ങളിലും ചൊവ്വാഴ്ച കരിക്കോട്ടക്കരി, പേരാവൂര്‍, കൊട്ടിയൂര്‍ എന്നിവിടങ്ങളിലും അദ്ദേഹം ഭവന സന്ദര്‍ശനം നടത്തും.