സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില. ഇന്ന് മാത്രം പവന് 1200 രൂപയാണ് കൂടിയത്. ഇതോടെ വില 76960 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 9,620 രൂപ നല്‍കേണ്ടി വരും. ആഗോള സാമ്പത്തിക മേഖലയില്‍ അനിശ്ചിതത്വം ശക്തമായതോടെയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ തുടങ്ങിയത്.
ചിങ്ങമാസത്തിലെ കല്യാണ പാര്‍ട്ടികളെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് ഈ വിലവര്‍ധന. ഓഗസ്റ്റ് എട്ടാം തീയതിയിലെ 75,760 രൂപയുടെ റെക്കോര്‍ഡ് വിലയാണ് തിരുവോണത്തിന് മുന്‍പായി തിരുത്തിക്കുറിച്ചത്. ഇന്നലെയും ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ വര്‍ധിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവിലയെ നേരിട്ട് ബാധിക്കാറുണ്ട്. ട്രംപിന്റെ അധികത്തീരുവ പ്രാബല്യത്തില്‍ വന്നതുമുതല്‍ കേരളത്തിലും സ്വര്‍ണവില വര്‍ധിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങളും ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.