കംബോഡിയന്‍ നേതാവുമായുള്ള ഫോണ്‍ സംഭാഷണം വിനയായി: തായ്‌ലാന്‍ഡ്‌ പ്രധാനമന്ത്രി പെയ്തോങ്താന്‍ ഷിനവത്രയെ പുറത്താക്കി; ധാര്‍മിക ലംഘനമെന്ന് കണ്ടെത്തല്‍

Jaihind News Bureau
Saturday, August 30, 2025

 

ബാങ്കോക്ക്: ധാര്‍മിക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തായ്‌ലാന്‍ഡ്‌ പ്രധാനമന്ത്രി പെയ്തോങ്താന്‍ ഷിനവത്രയെ സ്ഥാനത്തുനിന്ന് പുറത്താക്കി. അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുശേഷമാണ് 39-കാരിയായ പെയ്തോങ്താന്‍ പുറത്താകുന്നത്. ഇതോടെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന സ്ഥാനവും അവര്‍ക്ക് നഷ്ടമായി.

കോടതികളോ സൈന്യമോ നിര്‍ബന്ധിതമായി സ്ഥാനത്തുനിന്ന് പുറത്താക്കുന്ന ഷിനവത്ര കുടുംബത്തിലെ ആറാമത്തെ നേതാവാണ് പെയ്തോങ്താന്‍. തായ്ലന്‍ഡ് രാഷ്ട്രീയത്തില്‍ രണ്ട് പതിറ്റാണ്ടായി ആധിപത്യം പുലര്‍ത്തുന്ന ഷിനവത്ര കുടുംബത്തിന് കനത്ത പ്രഹരമാണ് കോടതി വിധി ഏല്‍പ്പിച്ചിരിക്കുന്നത്.

കംബോഡിയന്‍ നേതാവ് ഹുന്‍ സെന്നുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതാണ് പെയ്തോങ്താന് തിരിച്ചടിയായത്. ടെലിഫോണ്‍ സംഭാഷണത്തില്‍ അവര്‍ ധാര്‍മിക നിയമങ്ങള്‍ ലംഘിച്ചുവെന്ന് കോടതി വിധിന്യായത്തില്‍ കണ്ടെത്തി. ഫോണ്‍ കോളില്‍ പെയ്തോങ്താന്‍, ഹുന്‍ സെന്നിനെ ‘അങ്കിള്‍’ എന്ന് അഭിസംബോധന ചെയ്യുകയും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനകള്‍ പരിപാലിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും മുതിര്‍ന്ന തായ് സൈനിക കമാന്‍ഡറെ വിമര്‍ശിക്കുകയും ചെയ്തതായി ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

കംബോഡിയയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശങ്ങള്‍ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. യുദ്ധം ഒഴിവാക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നും, ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പിരിമുറുക്കങ്ങള്‍ ലഘൂകരിക്കാനാണ് ശ്രമിച്ചതെന്നുമായിരുന്നു പെയ്തോങ്താന്റെ വിശദീകരണം. ഈ പരാമര്‍ശത്തിന് പിന്നീട് അവര്‍ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വരെ ഉപപ്രധാനമന്ത്രി ഫുംതം വെച്ചായചായിയും നിലവിലെ മന്ത്രിസഭയും സംയുക്തമായി സര്‍ക്കാരിനെ നയിക്കും. നിലവില്‍ അഞ്ച് പേര്‍ക്ക് പ്രധാനമന്ത്രിയാകാന്‍ അര്‍ഹതയുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.