ചടയമംഗലം: ബി.ജെ.പി നേതാവ് സി.കൃഷ്ണകുമാറിന്റെയും റിപ്പോര്‍ട്ടര്‍ ചാനലില്‍ ഒരു സ്ത്രീക്കും നേരെ ഉണ്ടായ പീഡന പരാതികള്‍ അന്വേഷിക്കാത്തത് ഇരുവരും സി.പി.എമ്മിന്റെയും പിണറായി വിജയന്റെയും വര്‍ക്കിംഗ് പാര്‍ട്ട്‌നര്‍മാരായതു കൊണ്ടാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എം.പി. ആരോപിച്ചു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ അന്വേഷണം നടത്തുന്ന പിണറായിക്ക് ബി.ജെ.പി നേതാവിന്റെ പേര് കേള്‍ക്കുമ്പോള്‍ മുട്ടിടിക്കും. ഹവാല പണമിടപാട് കേസില്‍ സുരേന്ദ്രനെ രക്ഷിച്ച പിണറായി കൃഷ്ണ കുമാറിനും രക്ഷാമാര്‍ഗം ഒരുക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനലിലെ സ്ത്രീ തനിക്ക് തൊഴിലിടത്ത് നേരിട്ട പ്രയാസങ്ങള്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടും അന്വേഷണവും നടപടിയുമില്ലെന്നും ജെബി മേത്തര്‍ കുറ്റപ്പെടുത്തി
മഹിളാസാഹസ് കേരളയാത്രയ്ക്ക് അലയമണ്‍, ഇറ്റിവ, തുടയന്നൂര്‍,ചിതറ, മടത്തറ, കുമ്മിള്‍, കടയ്ക്കല്‍, ആല്‍ത്തറമൂട് ,നിലമേല്‍,ചടയമംഗലം ,ഇളമാട്, വെളിനെല്ലൂര്‍ എന്നീ മണ്ഡലങ്ങളില്‍ സ്വീകരണങ്ങള്‍ നല്‍കി. കൊല്ലം ഡി സി സി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ.ബിന്ദു കൃഷ്ണ,കെ പി സി സി ജനറല്‍ സെക്രട്ടറി എം എം നസീര്‍, നിര്‍വാഹക സമിതി അംഗം ജ്യോതികുമാര്‍ ചാമക്കാല, സെക്രട്ടറിമാരായ അഡ്വ.സൈമണ്‍ അലക്‌സ്, നടക്കുന്നില്‍ വിജയന്‍, അഡ്വ. ജെര്‍മിയാസ്, എന്നിവര്‍ വിവിധ സ്വീകരണ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഫെബ സുദര്‍ശന്‍, സംസ്ഥാന ഭാരവാഹികളായ ജയലക്ഷ്മി ദത്തന്‍, ആര്‍ രശ്മി,മാരിയത്ത് ബീവി എന്നിവര്‍ പ്രസംഗിച്ചു