Rupee- Dollar | യുഎസ് ഡോളറിനെതിരെ രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച 

Jaihind News Bureau
Friday, August 29, 2025

ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപ ഇന്ന് യുഎസ് ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയിലെത്തി. 87.9650 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവകളെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകളാണ് ഈ തകര്‍ച്ചയ്ക്ക് പ്രധാന കാരണം. അടുത്തിടെ വാഷിംഗ്ടണ്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധികമായി 25% തീരുവ ചുമത്തിയതോടെ ഇന്ത്യയുടെ മൊത്തം തീരുവ 50% ആയി ഇരട്ടിച്ചത് വിപണിയില്‍ കടുത്ത പ്രതികരണങ്ങള്‍ക്ക് കാരമായിക്കുകയാണ്.

വിദേശ ചൈനീസ് യുവാനെതിരെയും രൂപയുടെ മൂല്യം കൂടുതല്‍ ഇടിഞ്ഞു. 12.3307 എന്ന നിലയിലെത്തിയ രൂപ ഈ ആഴ്ച 1.2ശതമാനം ഇടിവാണ് നേരിട്ടത് . കഴിഞ്ഞ നാല് മാസത്തിനിടെ യുവാനെതിരെ രൂപയുടെ മൂല്യം ഏകദേശം 6% കുറഞ്ഞിട്ടുണ്ട്.

ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് തീരുവകളില്‍ ലഭിക്കുന്ന വ്യത്യസ്ത സമീപനമാണ് രൂപയുടെ ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഇന്ത്യന്‍ കയറ്റുമതിക്ക് യുഎസില്‍ 50% തീരുവ നേരിടുമ്പോള്‍, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 30% കുറഞ്ഞ തീരുവ മാത്രമാണുള്ളത്, ഉയര്‍ന്ന തീരുവകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ‘യുവാനെതിരെ രൂപയുടെ ഇടിവ് തീരുവയിലെ ഈ അന്തരം പ്രതിഫലിപ്പിക്കുന്നു, ഇത് യുഎസ് വിപണിയില്‍ ചൈനയുമായി മത്സരിക്കുന്ന ടെക്‌സ്‌റ്റൈല്‍സ്, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളെ നേരിട്ട് ബാധിക്കുന്നു,’ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സാമ്പത്തിക വിദഗ്ധനായ ഗൗര സെന്‍ ഗുപ്ത റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

യുവാനെതിരെ രൂപ ദുര്‍ബലമാകുന്നത് യുഎസ് തീരുവകള്‍ കാരണം ബുദ്ധിമുട്ടുന്ന കയറ്റുമതിക്കാര്‍ക്ക് ഒരു പരിധി വരെ ആശ്വാസം നല്‍കിയേക്കാം. ഇത് ചൈനീസ് ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ താരതമ്യേന വിലകുറഞ്ഞതാക്കി മാറ്റാന്‍ സഹായിക്കും. കൂടാതെ, ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കാനും ഇത് ഉപകരിച്ചേക്കാം.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യുവാന്റെയും രൂപയുടെയും വിനിമയ നിരക്ക് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.