Bihar Voters list | ബിഹാര്‍ വോട്ടര്‍ പട്ടിക: ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് ആര്‍ ജെഡി, എഐഎംഐഎം പാര്‍ട്ടികള്‍; സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

Jaihind News Bureau
Friday, August 29, 2025

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടിക പുതുക്കലില്‍ സെപ്റ്റംബര്‍ 1-ന് സുപ്രീം കോടതി വാദം കേള്‍ക്കും. രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) എന്നീ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിക്കുക. ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വോട്ടര്‍പട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. നിലവിലെ സമയപരിധി സെപ്റ്റംബര്‍ 1-നാണ് അവസാനിക്കുന്നത്.

ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയല്‍മയ ബാഗ്ചി, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ആര്‍ജെഡിയുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണും സീനിയര്‍ കൗണ്‍സല്‍ ഷോബ് ആലമും, എഐഎംഐഎമ്മിന് വേണ്ടി നിസാം പാഷയും ഹാജരാകും. സമയപരിധി നീട്ടണമെന്ന് ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

‘അവകാശവാദങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമയപരിധി നീട്ടേണ്ടത് അത്യാവശ്യമാണ്,’ അലാം കോടതിയെ അറിയിച്ചു.

ഓഗസ്റ്റ് 22-ന് സുപ്രീം കോടതിയുടെ ഉത്തരവിന് മുമ്പ് ഏകദേശം 80,000 അവകാശവാദങ്ങളാണ് സമര്‍പ്പിക്കപ്പെട്ടതെങ്കില്‍, ഉത്തരവിന് ശേഷം അത്1, 95,000 ആയി ഉയര്‍ന്നതായി പാഷ ചൂണ്ടിക്കാട്ടി.