സി വോട്ടര്‍ മൂഡ് ഓഫ് ദ നേഷന്‍ സര്‍വെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിയുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്. സി വോട്ടര്‍ മൂഡ് ഓഫ് ദ നേഷന്‍ എന്ന സര്‍വെ റിപ്പോര്‍ട്ടിലാണ് മോദിയുടെ ജനങ്ങളില്‍ നിന്ന് അകലുന്നുവെന്ന് വ്യക്തമാകുന്നത്. 2025 ജൂലൈ 1 നും ഓഗസ്റ്റ് 14 നും ഇടയില്‍ നടന്ന സര്‍വേയുടെ കണ്ടെത്തലുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിലവിലെ ട്രെന്‍ഡുകള്‍ വ്യക്തമാക്കുന്നു. രാഹുല്‍ ഗാന്ധിയുടെ റേറ്റിംഗില്‍ കാര്യമായ മുന്നേറ്റം പ്രകടമാണ്.
ഫെബ്രുവരി മാസത്തില്‍ നടന്ന സര്‍വെയില്‍ മോദിയുടെ പ്രകടനം ഭേദപ്പെട്ടതാണെന്ന് അഭിപ്രായം ഉണ്ടായിരുന്നു. എന്നാല്‍ 6 മാസത്തിന് ശേഷം നടന്ന സര്‍വെയില്‍ മോദിയുടെ ജനപ്രീതി കുത്തനെ ഇടിയുന്നതായി രേഖപ്പെടുത്തുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടത്തിലും ജനങ്ങള്‍ തൃപ്തരല്ലെന്ന സൂചനയാണ് സര്‍വ്വേ നല്‍കുന്നത്. ഫെബ്രുവരി മാസത്തില്‍ നടന്ന സര്‍വെയില്‍ നിന്ന് ജനസ്വാധീനം ബിജെപിക്ക് മൊത്തത്തില്‍ 10 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ 63 ശതമാനം മോദിയുടെ പ്രകടനത്തെ പിന്തുണച്ചിരുന്നുവെങ്കില്‍ ഓഗസ്റ്റില്‍ അത് 58 ശതമാനമായി കുറഞ്ഞു. എന്‍ഡിഎയുടെ പ്രകടനം 62.1 ല്‍ നിന്ന് കുത്തനെ ഇടിഞ്ഞു. സര്‍വെയില്‍ പങ്കെടുത്തവരില്‍ 2.7 ശതമാനം പേര് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി അറിയിച്ചു. 12.6 ശതമാനം പേര് മോദി ഭരണത്തില്‍ വിശ്വാസമില്ലെന്നും രേഖപ്പെടുത്തി. 13.8 ശതമാനം ആളുകള്‍ പ്രകടനം തീരെ മോശമാണെന്നും രേഖപ്പെടുത്തി.
രാഹുല്‍ഗാന്ധി ഉയര്‍ത്തിയ വോട്ട് കൊളളയടക്കമുള്ള വിഷയങ്ങള്‍ സര്‍വെയില്‍ പ്രതിഫലിച്ചതായും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ നിരവധി വിഷയങ്ങളില്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തിയെന്നും സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിനെതിരായ ഉയരുന്ന ആക്ഷേപങ്ങളില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ മറുപടിയില്ലാതെ ഒളിച്ചോടുന്ന സാഹചര്യമടക്കം ജനങ്ങള്‍ വിലയിരുത്തി. രാഹുല്‍ഗാന്ധി മുന്നോട്ടുവെക്കുന്ന വിഷയങ്ങളില്‍ ജനങ്ങളില്‍ സ്വാധീനം കൂടുന്നു എന്ന് തന്നെയാണ് സര്‍വെ ഫലം തെളിയിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ റേറ്റിംഗ്:
രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകളില്‍ നിന്ന് ഇരുപതോളം സീറ്റുകള്‍ കൂടുതല്‍ ലഭിക്കുമെന്നാണ് MOTN സര്‍വേ പ്രവചിക്കുന്നത്. ഇത് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായയില്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു. ബിജെപിക്കെതിരായ ‘വോട്ട് ചോരി’ ആരോപണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി സ്വീകരിക്കുന്ന ശക്തമായ നിലപാടുകള്‍ പാര്‍ട്ടിക്ക് അനുകൂലമായ ചെറിയൊരു തരംഗം സൃഷ്ടിക്കാന്‍ സഹായിച്ചിരിക്കാം.
വോട്ട് ഷെയര്‍ താരതമ്യം:
വോട്ട് ഷെയറിന്റെ കാര്യത്തില്‍, എന്‍ഡിഎ 46.7% വോട്ട് ഷെയര്‍ നേടുമെന്ന് സര്‍വേ പറയുന്നു, ഇത് 2024 ലെ 44% ല്‍ നിന്ന് കൂടുതലാണ്. അതേസമയം, ഇന്‍ഡ്യാ മുന്നണിക്ക് 40.9% വോട്ട് ഷെയര്‍ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. ഇത് വ്യക്തമാക്കുന്നത്, എന്‍ഡിഎക്ക് ഇപ്പോഴും വോട്ടര്‍മാരുടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടെങ്കിലും, ഇന്‍ഡ്യാ മുന്നണിയും ഒരു പ്രധാന ശക്തിയായി നിലനില്ക്കുന്നു എന്നാണ്.
മൊത്തത്തിലുള്ള ചിത്രം:
സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഇപ്പോഴും മുന്നിട്ട് നില്‍ക്കുന്നുണ്ടെങ്കിലും, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന്റെ സൂചനകളാണ് നല്‍കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ക്ക് ശേഷം കോണ്‍ഗ്രസിന്റെ വ്യക്തിഗത പ്രകടനം മെച്ചപ്പെട്ടുവരുന്നത് പ്രതീക്ഷ നല്‍കുന്നതാണ് .