കല രാജു കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷ. 12-നെതിരെ 13 വോട്ടുകള്‍ നേടിയാണ് വിജയം. ഇതോടെ നഗരസഭാ ഭരണം യുഡിഎഫ് പിടിച്ചു. മുന്‍ അധ്യക്ഷന്‍ വിജയ ശിവനെയാണ് അവര്‍ പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് മുന്‍ സിപിഎം കൗണ്‍സിലര്‍ കൂടിയായ കല രാജു മത്സരിച്ചത്.
കഴിഞ്ഞ ജനുവരിയില്‍ നടന്ന ‘തട്ടിക്കൊണ്ടുപോകല്‍’ വിവാദമാണ് ഈ തിരഞ്ഞെടുപ്പിന് വഴിതെളിയിച്ചത്. അന്ന് എല്‍ഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിനിടെ, യോഗത്തിനെത്തിയ കല രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് യോഗം ചേരാനായില്ല. അന്ന് വൈകിട്ട് മോചിതയായ കല രാജു, സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി ഈ മാസം ആദ്യം യുഡിഎഫ് വീണ്ടും അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്ത കല രാജുവും സ്വതന്ത്ര അംഗം സുനില്‍ കുമാറും എല്‍ഡിഎഫിന്റെ ഭരണം താഴെയിറക്കി. 11-നെതിരെ 13 വോട്ടുകള്‍ക്കായിരുന്നു യുഡിഎഫിന്റെ വിജയം. 25 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് 13-ഉം, യുഡിഎഫിന് 11-ഉം സ്വതന്ത്രന് 1-ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്.
ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് കല രാജു യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയത് മുന്‍ ചെയര്‍പേഴ്‌സന്റെ കാറിലാണെന്നും, അതേ കാറില്‍ തന്നെ പുതിയ ചെയര്‍പേഴ്‌സണായി യാത്ര ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. സിപിഎമ്മില്‍നിന്ന് നീതി ലഭിച്ചില്ലെന്നും കല രാജു പറഞ്ഞു.