തിരുവനന്തപുരം: പരമ്പരാഗത കൈത്തറി വസ്ത്രങ്ങള്‍ക്ക് പേരുകേട്ട ബാലരാമപുരം, ഓണവിപണി ലക്ഷ്യമിട്ട് സജീവമായി. ഏകദേശം 200 വര്‍ഷത്തെ പൈതൃകമുള്ള ഇവിടുത്തെ കൈത്തറികള്‍ ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ഓണക്കാലത്ത് ബാലരാമപുരത്തെ തെരുവുകള്‍ എപ്പോഴും ജനസാഗരമാണ്. കൈത്തറി കസവു മുണ്ടും കേരള സാരിയും മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഓണാഘോഷത്തിന്റെ ഭാഗമാണ്. പവര്‍ലൂം വസ്ത്രങ്ങളുടെ വരവോടെ കൈത്തറി വ്യവസായം പ്രതിസന്ധിയിലായെങ്കിലും, ഓണക്കാലം ബാലരാമപുരത്തെ നെയ്ത്തുകാര്‍ക്ക് എന്നും പ്രതീക്ഷയാണ്.
പ്രധാനമായും കസവു മുണ്ട്, സാരികള്‍, ദോത്തികള്‍ തുടങ്ങിയ പരമ്പരാഗത വസ്ത്രങ്ങളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. സ്വര്‍ണ്ണ, വെള്ളി കരകള്‍ ചേര്‍ത്ത കസവുമുണ്ട് ബാലരാമപുരത്തിന്റെ ആഗോള ഖ്യാതിക്ക് കാരണമായിട്ടുണ്ട്. പവര്‍ലൂം മെഷീനുകള്‍ വസ്ത്രവ്യാപാര രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും, കൈത്തറി വസ്ത്രങ്ങളുടെ തനതായ ഗുണമേന്മയോട് കിടപിടിക്കാന്‍ ഇവര്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ല എന്നതാണ് സത്യം. ഈ കാലഘട്ടത്തിലും പരമ്പരാഗത രീതി പിന്തുടര്ന്ന് നെയ്യുന്നു എന്നത് തന്നെയാണ് ബാലരാമപുരത്തെ കൈത്തറി വസ്ത്രങ്ങളെ വേറിട്ടു നിര്‍ത്തുന്നത്.