കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ നാല് കുട്ടികളുള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടു. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നടന്ന ഈ ആക്രമണത്തെ വിവിധ ലോകരാജ്യങ്ങള്‍ അതിശക്തമായി വിമര്‍ശിച്ചു.
നയതന്ത്ര ചര്‍ച്ചകള്‍ക്ക് പകരം റഷ്യ മിസൈലുകള്‍ തിരഞ്ഞെടുത്തുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി വിമര്‍ശിച്ചു. പിന്നാലെ, അമേരിക്ക, യു കെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും റഷ്യക്കെതിരെ രംഗത്തെത്തി. സമാധാന ശ്രമങ്ങള്‍ക്ക് പുടിന്‍ തുരങ്കം വെക്കുകയാണെന്ന് യു കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ കുറ്റപ്പെടുത്തി. ഇതിന്റെ പ്രതിഷേധമെന്ന നിലയില്‍ യു കെയിലെ റഷ്യന്‍ അംബാസഡറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനം പുലരാന്‍ റഷ്യക്ക് താല്‍പര്യമില്ലെന്നാണ് അമേരിക്കന്‍ നിലപാട്. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ നടത്തിയ ആക്രമണം ശരിയായില്ലെന്ന് ഫ്രാന്‍സും വിമര്‍ശിച്ചു.
റഷ്യയുടെ ആക്രമണത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യുക്രെയ്ന്‍ സൈന്യം നടത്തിയത്. തലസ്ഥാനമായ കീവടക്കം പതിമൂന്ന് സ്ഥലങ്ങള്‍ റഷ്യ ലക്ഷ്യം വെച്ചുവെന്നാണ് യുക്രെയ്ന്‍ സൈന്യം ആരോപിച്ചത്. കീവിലെ യൂറോപ്യന്‍ യൂണിയന്‍ ഡെലിഗേഷന്‍ ഓഫീസിനും ബ്രിട്ടീഷ് കൗണ്‍സില്‍ ഓഫീസിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായും സൈന്യം അറിയിച്ചു.
ട്രംപിന്റെ നേതൃത്വത്തില്‍ സമാധാനമുണ്ടാകുമെന്ന പ്രതീക്ഷയോടെ ലോകം ഉറ്റുനോക്കിയ റഷ്യ-യുക്രെയ്ന്‍ ചര്‍ച്ച നിലവില്‍ അനിശ്ചിതത്വത്തിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ നടന്ന അലാസ്‌ക ഉച്ചകോടിയുടെ തുടര്‍ച്ചയായുള്ള ചര്‍ച്ചയാണ് പ്രതിസന്ധിയിലായത്. യുദ്ധം അവസാനിപ്പിക്കാനായി പുടിനും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയും തമ്മില്‍ നടത്താമെന്ന് ധാരണയിലെത്തിയിരുന്ന ചര്‍ച്ച തത്കാലം നടക്കില്ലെന്ന് റഷ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
‘അങ്ങനെ ഒരു ചര്‍ച്ച ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല,’ എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അതിനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും ലാവ്റോവ് വ്യക്തമാക്കി. നേര്‍ക്കുനേര്‍ യോഗത്തിനുള്ള അജന്‍ഡ ഇപ്പോഴില്ലെന്നും, അതിനാല്‍ ചര്‍ച്ചകള്‍ മാറ്റിവെക്കാനാണ് റഷ്യയുടെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. വിശദമായ അജന്‍ഡ തയ്യാറാകുമ്പോള്‍ മാത്രമേ ചര്‍ച്ചകള്‍ പരിഗണിക്കാനാകൂ എന്നതാണ് റഷ്യയുടെ നിലപാട്.
നേരത്തെ, യൂറോപ്പിലെ ഏതെങ്കിലും നിഷ്പക്ഷ വേദിയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് സെലെന്‍സ്‌കി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ചര്‍ച്ചയില്‍ പുടിന്‍ നേരിട്ട് പങ്കെടുക്കുമോ എന്ന് ഉറപ്പ് നല്‍കാതെ പ്രതിനിധി തല ചര്‍ച്ചകള്‍ മതിയെന്ന നിലപാടിലാണ് റഷ്യയെന്നാണ് സൂചന. അലാസ്‌ക ഉച്ചകോടിക്ക് ശേഷം ട്രംപും വൈറ്റ് ഹൗസും നടത്തിയ പ്രസ്താവനകള്‍ക്ക് വിരുദ്ധമാണ് റഷ്യയുടെ പുതിയ നിലപാട്. റഷ്യ-യുക്രെയ്ന്‍ യുദ്ധം അതിശക്തമായി തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ ഈ പിന്മാറ്റം.