Shafi Parambil | ഷാഫി പറമ്പിലിനെതിരേ അക്രമം; കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നാളെ പ്രതിഷേധപ്രകടനം നടത്തും

Jaihind News Bureau
Wednesday, August 27, 2025

വടകര ടൗണ്‍ഹാളില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണപരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങുമ്പോള്‍ ആണ് സംഭവം നടന്നത്. ടൗണ്‍ഹാളിനു മുന്നിലെ പാതയിലൂടെ ദേശീയപാതയിലേക്ക് നീങ്ങവെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി അപ്രതീക്ഷിതമായി ഷാഫിയുടെ കാറിനു മുന്‍പിലേക്ക് ചാടിവീഴുകയായിരുന്നു. ഷാഫിയെ തടയാന്‍ സാധ്യതയുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രവര്‍ത്തകര്‍ പോലീസിനെ മറികടന്ന് ഷാഫിയുടെ കാറിന് അടുത്തെത്തി. പ്രവര്‍ത്തകരില്‍ ചിലര്‍ തെറിപ്രയോഗം നടത്തിയതോടെയാണ് ഷാഫിയും ക്ഷുഭിതനായത്.

കൊടിയും ബാനറും പിടിച്ചായിരുന്നു ഡിവൈഎഫ്ഐയും പ്രതിഷേധം. ഏറെ പണിപ്പെട്ടാണ് പോലീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഷാഫിയുടെ വാഹനത്തിന് മുന്നില്‍ നിന്ന് നീക്കിയത്. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അതിന്റെ പേരില്‍ ചീത്തവിളിക്കുകയും ആഭാസത്തരം കാണിക്കുകയും ചെയതാല്‍ വകവെച്ച് നല്‍കില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. പോലീസ് നോക്കി നില്‍ക്കവെയാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. പോലീസിന്റെ മൗനാനുവാദത്തോടുകൂടിയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പോലീസിന്റെ രഹസ്യ സംരക്ഷണം സമരക്കാര്‍ക്കുണ്ടായിരുന്നു എന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ആരോപിച്ചു. നാളെ വൈകിട്ട് ജില്ലയിലെ എല്ലാ മുന്‍സിപ്പല്‍- പഞ്ചായത്ത് -കോര്‍പ്പറേഷനുകളിലും പ്രതിഷേധ പ്രകടനം നടത്താന്‍ യുഡിഎഫ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു

കഴിഞ്ഞ ദിവസം വടകര മണ്ഡലത്തില്‍ എത്തിയപ്പോഴും ഷാഫിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകനായി എത്തിയപ്പോള്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഷാഫിയുടെ പ്രസംഗം ആരംഭിച്ചതോടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി.

ഡിവൈഎഫ്ഐ നടത്തിയത് സമരാഭാസമാണെനും ഗുണ്ടായിസമാണ് കാണിച്ചതെനും പോലീസിന്റെ അറിവോടെയാണ് സമരം നടത്തിയതെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍ ആരോപിച്ചു ഇതു തുടര്‍ന്നാല്‍ കോണ്‍ഗ്രസും യുഡിഎഫും കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും എംപിക്ക് യുഡിഎഫും ആര്‍എംപിയും സംരക്ഷണം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.