MALAPPURAM| മലപ്പുറം നഗരസഭയിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ; തെളിവുകള്‍ നിരത്തി യുഡിഎഫ്

Jaihind News Bureau
Wednesday, August 27, 2025

മലപ്പുറം നഗരസഭയിലെ വോട്ടർ പട്ടികയിൽ വീണ്ടും വ്യാപകമായ ക്രമക്കേടുകൾ. നിലനിൽക്കാത്ത കെട്ടിടങ്ങളുടെ പേരിൽ പോലും സി പി എമ്മും, സി പി ഐയും വോട്ടുകൾ കൂട്ടിച്ചേർത്തതിൻ്റെ തെളിവുകൾ സഹിതം ഗുരുതരമായ വെളിപ്പെടുത്തലുമായി യുഡിഎഫ് രംഗത്തു വന്നു.

നഗരസഭ വാർഡ് 22-ലെ ചീനിതോട് പ്രദേശത്ത് നിന്നുമാത്രം 122 അനധികൃത വോട്ടുകളാണ് കണ്ടെത്തിയത്. പൊളിച്ചുമാറ്റിയ 21/461 കെട്ടിട നമ്പറിൽ 964 മുതൽ 970 വരെയുള്ള ഏഴ് പേരുടെ പേരുകൾ CPM പുതുതായി ചേർത്തതായി തെളിഞ്ഞു. തൃക്കലങ്ങോട് പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ പേര് ഉള്ള CPI ഓഫീസ് ജീവനക്കാരിക്കും കുടുംബത്തിനും മലപ്പുറം നഗരസഭയിൽ ഇരട്ട വോട്ടുണ്ടെന്നും യുഡിഎഫ് ആരോപിക്കുന്നു. വ്യാപകമായ ക്രമക്കേടിനെതിരെ നഗരസഭ ഓഫിസിന് മുമ്പിൽ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.

നഗരസഭ ഹെൽത്ത് വിഭാഗം ക്ലീൻസിറ്റി മാനേജറുടെ നേതൃത്വത്തിലാണ് ഇടതുപക്ഷം കള്ളവോട്ടുകൾ ചേർത്തതെന്നാണ് ആരോപണം. കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത 5 പേരെ SSLC ബുക്ക്തിരുത്തി സി പി എം -വോട്ടർ പട്ടികയിൽ പേരുകൾ ഉൾപ്പെടുത്തിയത് UDF ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിന് കൂട്ടു നിന്ന ഉദ്യോഗസ്ഥനെ ജില്ലാകലക്ടർ സസ്പെൻ്റ് ചെയ്യുകയുണ്ടായി. വോട്ടർ പട്ടിക ക്രമക്കേടിനെതിരെ നിയമ നടപടിയുമായി ശക്തമായ പ്രതിഷേധം തുടരുമെന്ന് യുഡിഎഫ് മുന്നറിയിപ്പ് നൽകി.