ASHA WORKERS PROTEST| ആശമാരുടെ സമരം 200 ദിനങ്ങള്‍ പിന്നിട്ടു; സര്‍ക്കാരിനെതിരെ ചരിത്രം കുറിച്ച് ആശമാര്‍

Jaihind News Bureau
Wednesday, August 27, 2025

സെക്രട്ടറിയേറ്റിനു മുന്നിലെ ആശമാരുടെ അതിജീവന സമരം ഇരുന്നൂറാം ദിനത്തിലേക്ക് കടന്നു. കേരളത്തിലെ സ്ത്രീ സമര ചരിത്രത്തില്‍ പുതിയൊരു ചരിത്രം കുറിച്ചാണ് ഭരണ സിരാകേന്ദ്രത്തിനുമുന്നിലെ ആശാ സമരം ഇരുന്നൂറാം ദിനത്തിലേക്ക് കടന്നത്. സമരത്തെ തകര്‍ക്കുവാന്‍ സര്‍ക്കാര്‍ പ്രതികാര നടപടികള്‍ തുടരുമ്പോഴും തളരാത്ത സമരാവേശത്തോടെ സ്ത്രീകളുടെ ഐതിഹാസിക സമരം തുടരുകയാണ്.

ഓണനാളുകളിലും സമരം തുടരുവാന്‍ തീരുമാനിച്ചിരിക്കുന്ന ആശമാര്‍ ഇന്ന് സമരവേദിയില്‍ അത്തപ്പൂക്കളമൊരുക്കും. എത്ര ദിനങ്ങള്‍ പിന്നിട്ടാലും എത്രയാതനകള്‍ സഹിക്കേണ്ടി വന്നാലും തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കും വരെ ഭരണസിരാകേന്ദ്രത്തിനു മുന്നിലെ അതിജീവന പോരാട്ടം തുടരുമെന്ന് നിലപാടിലുറച്ച് വേറിട്ട സമരങ്ങള്‍ തുടരുകയാണ് ആശമാര്‍.