KERALA GOVERNMENT| ‘ഓണം വാരാഘോഷം ഗംഭീരമാക്കണം’; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ അനുമതി

Jaihind News Bureau
Wednesday, August 27, 2025

സംസ്ഥാനതല ഓണം വാരാഘോഷം ഗംഭീരമാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ അനുമതി. ദീപാലങ്കാരങ്ങള്‍ക്കായി ഓരോ സ്ഥാപനത്തിനും രണ്ട് ലക്ഷം രൂപ വരെയും സമാപന ഘോഷയാത്രയിലെ ഫ്‌ലോട്ടുകള്‍ക്കായി അഞ്ച് ലക്ഷം രൂപ വരെയും ചെലവഴിക്കാനാണ് വിനോദസഞ്ചാര വകുപ്പ് ഉത്തരവിലൂടെ അനുമതി നല്‍കിയത്.

സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ നടക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്തെ കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ക്ക് അവരവരുടെ കാര്യാലയങ്ങള്‍ ദീപപ്രഭയിലാക്കാനാണ് അനുമതി നല്കിയത്. ഇതിനായി തനത് ഫണ്ടില്‍ നിന്നും പരമാവധി രണ്ട് ലക്ഷം രൂപ വരെ വിനിയോഗിക്കാം. എന്നാല്‍, കെട്ടിടങ്ങളുടെ വലുപ്പം കണക്കിലെടുത്ത് ചെലവ് കുറയ്ക്കണമെന്നും അനാവശ്യ ധൂര്‍ത്ത് ഒഴിവാക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ സ്ഥാപനവും തയ്യാറാക്കുന്ന എസ്റ്റിമേറ്റിന് പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ അംഗീകാരം ഉണ്ടാകണം.

ഓണാഘോഷങ്ങള്‍ക്ക് കൊടിയിറക്കം കുറിക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്രയിലെ ഫ്‌ലോട്ടുകള്‍ക്കും സര്‍ക്കാര്‍ പണം മുടക്കാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്. ഘോഷയാത്രയില്‍ പങ്കെടുക്കുന്ന ഓരോ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ, തദ്ദേശ, സഹകരണ സ്ഥാപനങ്ങള്‍ക്കും ഫ്‌ലോട്ടുകള്‍ തയ്യാറാക്കുന്നതിനായി സ്വന്തം ഫണ്ടില്‍ നിന്ന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ ചെലവഴിക്കാമെന്നും പറയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും പദ്ധതികളും ഫ്‌ലോട്ടുകളുടെ പ്രമേയമാക്കുന്നതിന് പ്രാധാന്യം നല്‍കണമെന്നും ഉത്തരവിലുണ്ട്.

ചുരുക്കത്തില്‍, ഓണം വാരാഘോഷം വര്‍ണ്ണാഭമാക്കുന്നതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നേരിട്ടല്ലെങ്കിലും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നതിനുള്ള പച്ചക്കൊടിയാണ് ഈ ഉത്തരവ് വ്യക്തമാക്കുന്നത്.