ന്യൂഡല്‍ഹി ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 15-ല്‍ അധികം ആളുകള്‍ മരിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിയാസ് നദി കരകവിഞ്ഞൊഴുകി. ഒട്ടേറ കടകളും വീടുകളും ഒലിച്ചുപോയി. മണാലി-ലേ ദേശീയപാത പലയിടത്തും തകര്‍ന്നു. നിരവധി പാര്‍പ്പിട പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വൈദ്യുതിയും വാര്‍ത്താവിനിമയ ബന്ധങ്ങളും തകര്‍ന്നതോടെ നൂറുകണക്കിന് ആളുകള്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ ലേ-മണാലി ദേശീയപാത അടച്ചു. കുളുവിനും മണാലിക്കും ഇടയിലുള്ള ഹൈവേയുടെ പല ഭാഗങ്ങളും പൂര്‍ണ്ണമായും ഒലിച്ചുപോയിട്ടുണ്ട്.
മണാലിക്ക് പുറമെ ഹിമാചല്‍ പ്രദേശിലെയും സമീപ സംസ്ഥാനങ്ങളിലെയും മറ്റ് പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. കനത്ത മലവെള്ളപ്പാച്ചിലില്‍ ദേശീയ പാതകളുടെ പ്രധാന ഭാഗങ്ങള്‍ ഒലിച്ചുപോവുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ കത്രയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥയാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ജമ്മു കശ്മീരിലും മണ്ണിടിച്ചിലും പ്രളയവും
ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ത്രികൂട മലനിരകളിലുള്ള മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ മണ്ണിടിച്ചിലുണ്ടായി. ഏതാനും പേര്‍ക്ക് പരിക്കേറ്റു. മണ്ണിടിച്ചിലുണ്ടായ അദ്ധ്കുവാരിക്ക് സമീപം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനാല്‍ യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്.
തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടര്‍ന്നതോടെ ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ ഗതാഗതം നിര്‍ത്തിവെച്ചു. മിക്ക നദികളും അരുവികളും അപകട നിലയ്ക്ക് മുകളിലോ അടുത്തോ ആണ് ഒഴുകുന്നതെന്നും നഗരത്തിലെയും മറ്റ് പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായെന്നും അധികൃതര്‍ അറിയിച്ചു.