RAIN ALERT | ഓണം മഴയിലാകുമോ… ? ഒഡിഷ തീരത്ത് ന്യൂനമര്‍ദം: കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും

Jaihind News Bureau
Tuesday, August 26, 2025

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചത്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത നാല് മുതല്‍ അഞ്ച് ദിവസം വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂന മർദ്ദം ശക്തമായാല്‍ ഓണം മഴയിലായേക്കും

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍:

ഓഗസ്റ്റ് 26 (ചൊവ്വ): കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.

ഓഗസ്റ്റ് 27 (ബുധന്‍): ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.

ഓഗസ്റ്റ് 28 (വ്യാഴം): തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.

ഓഗസ്റ്റ് 29 (വെള്ളി): തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.

വടക്കന്‍ ജില്ലകളിലായിരിക്കും വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുക.ധ1പ ന്യൂനമര്‍ദം കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും അതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ സജീവമാകുന്നത്.

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. നദിക്കരകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആവശ്യമെങ്കില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറാകണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.