RAMESH CHENNITHALA| ‘ആര്യനാട്ട് പഞ്ചായത്ത് മെമ്പറെ സിപിഎം അപമാനിച്ച് കൊലപ്പെടുത്തിയത്; ഇത് ക്രൂരമായ രാഷ്ട്രീയ കൊലപാതകം’ – രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, August 26, 2025

തിരുവനന്തപുരം: ആര്യനാട്ട് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ശ്രീജയെ സിപിഎം അപമാനിച്ച് കൊലപ്പെടുത്തിയതാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് ക്രൂരമായ രാഷ്ട്രീയ കൊലപാതകമാണ്. ഒരു വനിതാ പഞ്ചായത്ത് അംഗത്തിനെതിരെ അധിക്ഷേപവാക്കുകളുപയോഗിച്ച് പോസ്റ്റര്‍ പതിക്കുകയും ജംഗ്ഷനില്‍ യോഗം വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ശ്രീജ ആസിഡ് കുടിച്ച് ജീവനൊടുക്കുന്ന സാഹചര്യമുണ്ടായത്.

സാമ്പത്തികബാധ്യതയുണ്ടായിരുന്ന ശ്രീജ തന്റെ വസ്തുക്കള്‍ വിറ്റ് പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇത്തരം ക്രൂരമായ സംഭവങ്ങള്‍ ഉണ്ടായത്. വാളു കൊണ്ടു മാത്രമല്ല, വാക്കു കൊണ്ടും ആളെക്കൊല്ലാമെന്ന് സിപിഎം വീണ്ടും തെളിയിക്കുകയാണ്. സിപിഎം അപമാനിച്ചു കൊന്ന എഡിഎം നവീന്‍ ബാബുവിനെ കേരളം ഇനിയും മറന്നിട്ടില്ല. അതിന്റെ തുടര്‍ച്ചയായാണ് ഈ വാക്കുകള്‍ കൊണ്ടുള്ള രണ്ടാമത്തെ കൊലപാതകം. ഒരു വനിത എന്ന പരിഗണന പോലും നല്‍കാതെ അതിക്രൂരമായാണ് അവരെ മാനസികമായി പീഢിപ്പിച്ചത്. ഇതൊരു രാഷ്ട്രീയ- ആള്‍ക്കൂട്ട കൊലപാതകമാണ്.

ശ്രീജയ്ക്കെതിരെ യോഗം വിളിച്ച് അധിക്ഷേപിച്ചവര്‍ക്കെതിരെയും പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്കെതിരെയും ആത്മഹത്യപ്രേരണയ്ക്കു കേസ് എടുക്കണം. ഇത്തരം സ്ത്രീവിരുദ്ധപ്രവര്‍ത്തികള്‍ ചെയ്യുന്ന സിപിഎമ്മിനെ കേരള ജനത ഒറ്റപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു – രമേശ് ചെന്നിത്തല പറഞ്ഞു.