Sreeja Member death | ഇല്ലാക്കഥകള്‍ മെനഞ്ഞു; ഹീനമായ അപവാദങ്ങള്‍ കെട്ടിച്ചമച്ചു; പൊതുമദ്ധ്യത്തില്‍ വിചാരണ നടത്തി; ആര്യനാട് മെമ്പറുടെ ആത്മഹത്യയില്‍ ഉത്തരവാദി സിപിഎം തന്നെ: ശബരിനാഥ്

Jaihind News Bureau
Tuesday, August 26, 2025

ആര്യനാട് പഞ്ചായത്തിലെ മെമ്പറായിരുന്ന ശ്രീജയുടെ ആത്മഹത്യക്ക് കാരണം സിപിഎം നേതാക്കളാണെന്ന് മുന്‍ എംഎല്‍ എ കൂടിയായ കെ എസ് ശബരിനാഥ് . സാമ്പത്തിക ബാദ്ധ്യതയുള്ള വനിതാ മെമ്പറെ കുറിച്ച് ഇല്ലാക്കഥകള്‍ മെനയുകയും സമൂഹത്തില്‍ ഹീനമായ അപവാദ പ്രചരണം നടത്തുകയും ചെയ്ത സിപിഎമ്മിനെതിരേ ആത്മഹത്യാ പ്രേരണയ്ക്കുള്ള കേസെടുക്കണമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കെ എസ് ശബരിനാഥന്‍റെ ഫേസ് ബുക്ക് പോസ്റ്റ് –  പൂര്‍ണ്ണ രൂപം

ശ്രീജ മെമ്പറുടെ മരണ വാര്‍ത്ത കേട്ടാണ് ഇന്ന് ഉണര്‍ന്നത്. ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് മെമ്പറും മഹിളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്രീജ ഒരു പക്ഷേ ജില്ലയിലെ ഒരു വാര്‍ഡിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ച് ജനപ്രതിനിധിയായത്. നല്ലൊരു ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവര്‍ക്കും സ്വീകാരിയായി മുന്നോട്ടുപോകുമ്പോളാണ് ചില സാമ്പത്തിക ബാധ്യതകള്‍ വന്നത്. ഈ ബാധ്യതകള്‍ അവസാനിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ കഴിഞ്ഞ കുറെ കാലമായി നടക്കുകയായിരുന്നു.

ഏകദേശം ഒരു വഴി മുന്നില്‍ തെളിഞ്ഞിട്ട് ബാധ്യതകള്‍ തീര്‍ക്കാന്‍ തുടങ്ങുമ്പോഴാണ് ഇല്ലാക്കഥകള്‍ പറഞ്ഞു സിപിഎം അവരെ തേജോവധം ചെയ്തത്. കള്ള പ്രചാരണവും സോഷ്യല്‍ മീഡിയയിലെ അപവാദങ്ങളും കഴിഞ്ഞു അടുത്ത ഘട്ടമായി ഇന്നലെ ആര്യനാട് ജംഗ്ഷനില്‍ ഇന്നലെ സിപിഎം നടത്തിയ പൊതുയോഗത്തില്‍ ഹീനമായ കഥകള്‍ കെട്ടിച്ചമക്കുകയും പൊതുമധ്യത്തില്‍ വാക്കുകളാല്‍ വിചാരണചെയ്യുകയും ചെയ്തു. ഇതു കൂടിയായപ്പോള്‍ അപമാനം സഹിക്കാന്‍ കഴിയാതെ ശ്രീജ മെമ്പര്‍ മരണത്തിലേക്കുള്ള പാത സ്വയം തിരഞ്ഞെടുത്തു .

സ്ത്രീ സംരക്ഷകര്‍ എന്ന് പ്രഖ്യാപിക്കുന്ന സിപിഎംകാര്‍ തന്നെയാണ് ഈ മരണത്തിന് ഉത്തരവാദി. ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന സിപിഎം നേതാക്കള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

പ്രിയപ്പെട്ട ശ്രീജ മെമ്പര്‍ക്ക് ആദരാഞ്ജലികള്‍.
ശബരി