‘സിപിഎം കാത്തിരിക്കൂ, ചിലത് വരാനുണ്ട്; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Jaihind News Bureau
Tuesday, August 26, 2025

സിപിഎം വേട്ടയാടല്‍ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സാമ്പത്തിക പ്രതിസന്ധിയുള്ളവരെ പൊതുയോഗം വിളിച്ചു അധിക്ഷേപിക്കുന്നു. എന്ത് മാത്രം അധപതിച്ച പാര്‍ട്ടിയായി സിപിഎം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീകളെ വേട്ടയാടുന്ന പാര്‍ട്ടിയാണ് സിപിഎം. ഇതില്‍ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസിന് ഉള്ളത്. ആത്മഹത്യ പ്രേരണ കുറ്റത്തിന് ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം നടന്ന പ്രതിഷേധ പരിപാടിയില്‍ ശ്രീജയ്‌ക്കെതിരെ സിപിഎം വിമര്‍ശന ഉയര്‍ത്തിയിരുന്നു. ആര്യനാട് – കോട്ടയ്ക്കകം വാര്‍ഡ് മെമ്പറായ ശ്രീജ ഫിനാന്‍സുകളില്‍ നിന്നെടുത്ത പണം തിരിച്ചു കൊടുക്കാത്തത് തട്ടിപ്പാണെന്നായിരുന്നു ആരോപണം. ഇതില്‍ മനം നൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തത്.

ജിഎസ്ടി വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തു വരുന്നത്. കരി ഓയില്‍ കമ്പനികളില്‍ നിന്ന് വലിയ തോതില്‍ ഇടനിലക്കാരെ വച്ച് പണം പിരിക്കുന്നു. വരാനിരിക്കുന്ന ദിവസങ്ങളില്‍ ജിഎസ്ടി വകുപ്പുകളില്‍ നിന്ന് ഗുരുതര അഴിമതി കഥകളാണ് പുറത്തു വരാനിരിക്കുന്നത്. അതിന്റെ തുടക്കമാണ് കാസര്‍ഗോഡ് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സിപിഎം മന്ത്രിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്കും എതിരെയുയര്‍ന്ന ഗുരുതര ആരോപണം മറച്ചു പിടിക്കാനാണ് കോണ്‍ഗ്രസിന് എതിരെ പ്രതിഷേധമുയര്‍ത്തുന്നത്. ലൈഗികാതിക്രമ കേസിലും ലൈഗിക അപവാദ കേസിലും ഉള്‍പ്പെട്ട മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ആദ്യം പുറത്തു പോകണം. പ്രതിഷേധത്തിന് അണിനിരക്കുന്നവര്‍ എം.വി ഗോവിന്ദനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്.

കാളയുമായി പ്രതിഷേധിച്ച ബിജെപിക്കാരെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്. അധികം താമസിക്കാതെ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് അതേ കാളയുമായി പ്രതിഷേധം നടത്തേണ്ട സാഹചര്യമുണ്ടാകുമെന്നും അതുകൊണ്ട് തത്കാലത്തേക്ക് കാളയെ പാര്‍ട്ടി ഓഫീസില്‍ കെട്ടിയിട്ടാല്‍ മതിയെന്നും ഉടന്‍ ഉപകാരമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

ഭൂരിപക്ഷ വര്‍ഗീയതയാണ് സിപിഎം ലക്ഷ്യമെന്നും അധികം കളിക്കാന്‍ നില്‍ക്കേണ്ട, കേരളം ഞെട്ടുന്ന വാര്‍ത്തയുമായി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.  അയ്യപ്പ സംഗമത്തിലേക്ക് സംഘപരിവാര്‍ സംഘടനകളെ ക്ഷണിച്ച സംഭവത്തില്‍ പ്രതികരിച്ച് വി ഡി സതീശന്‍. ഭൂരിപക്ഷ പ്രീണനത്തിനായാണ് സിപിഎം പരിപാടി നടത്തുന്നതെന്നും, സംഘപരിവാറും സിപിഎമ്മും എല്ലായിപ്പോഴും ഒരുമിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്നും, അയ്യപ്പ സംഗമത്തിലേക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നും അതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.