M.R.AJITHKUMAR| തൃശൂര്‍ പൂരം കലക്കല്‍: ഗുരുതര വീഴ്ചകളില്‍ അജിത്കുമാറിനെതിരെ നടപടിയില്ല; താക്കീത് മാത്രം

Jaihind News Bureau
Tuesday, August 26, 2025

തൃശ്ശൂര്‍ പൂരം കലക്കലില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ പൂര്‍ണ്ണമായും സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍. അജിത് കുമാറിന്റെ ഗുരുതരമായ വീഴ്ചകളില്‍ കടുത്ത നടപടി ഉണ്ടാകില്ല. ശിക്ഷാ നടപടി താക്കീതില്‍ മാത്രമായി ലഘുകരിച്ച് ഒതുക്കും. ഇതിന് പര്യാപ്തമായ നിലയില്‍ പുതിയ ഡിജിപി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.  അസാധാരണ നടപടിയിലൂടെ മുന്‍ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് പുതിയ ശുപാര്‍ശ നല്‍കാന്‍ സര്‍ക്കാര്‍ ഡിജിപി റവാഡ ചന്ദ്രശേഖരന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ സംരക്ഷിക്കുന്ന പുതിയ നീക്കം ശക്തമായത്.

അജിത്ത് കുമാറിനെതിരെ കര്‍ശന നടപടി വേണമെന്ന സിപിഐയുടെ വാദങ്ങളൊക്കെ കാറ്റില്‍ പറത്തിയാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും പുതിയ നീക്കം. കഴിഞ്ഞ കുറേ നാളുകളായി എം.ആര്‍ അജിത്കമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും എടുക്കുന്നത്. ഉന്നത പോലീസ് മേധാവി സ്ഥാനത്തേക്കുള്ള ലിസ്റ്റില്‍ പോലും അജിത് കുമാറിനെ ഉള്‍പ്പെടുത്താന്‍ പിണറായി മറന്നില്ല. ഇത്രയധികം ഗുരുതര ആരോപണങ്ങളുള്ള അജിത് കുമാറിനെ പോലുള്ള ഉദ്യോഗസ്ഥനെ എന്തിനാണ് പിണറായി സര്‍ക്കാര്‍ ഇത്രയധികം സംരക്ഷിക്കുന്നത് എന്നാണ് പൊതുസമൂഹത്തിന്റെ ചോദ്യം.