കേരളത്തിലെ സ്ത്രീ സമര ചരിത്രത്തിൽ പുതിയൊരു ഏട് രചിച്ച സെക്രട്ടറിയേറ്റിനു മുന്നിലെ ആശമാരുടെ അതിജീവന സമരം നാളെ ഇരുന്നൂറാം ദിനത്തിലേക്ക് കടക്കും. വിവിധ സമരഘട്ടങ്ങളും നിരവധി സമരമുറകളും അരങ്ങേറിയ ആശാ സമരത്തെ തച്ചുതകർക്കുവാൻ
സർക്കാർ പതിനെട്ടടവും പ്രയോഗിച്ചെങ്കിലും തളരാത്ത സമരാവേശത്തോടെ സ്ത്രീകളുടെ ഐതിഹാസിക സമരം തുടരുകയാണ്.
സേവന വേതന പരിഷ്കരണവും വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭരണ സിരാകേന്ദ്രത്തിനു മുന്നിൽ
ഫെബ്രുവരി 10-ാം തീയതിയാണ് ആശാവർക്കർമാർ രാപകൽ സമരം ആരംഭിച്ചത്. നീണ്ട പോരാട്ടം തുടരുമ്പോൾ കേരളത്തിലെ സ്ത്രീ സമര ചരിത്രത്തിൽ പുതിയൊരുചരിത്രമെഴുതി ആശമാരുടെ അതിജീവന സമരം മുന്നേറുകയാണ്. മുടി മുറിച്ചും സമര ജ്വാല തീർത്തും അനിശ്ചിതകാല നിരാഹാര സമരം നടത്തിയും സർക്കാരിൻ്റെ കണ്ണ് തുറപ്പിക്കുവാൻ ആശമാർ വേറിട്ട സമരപരമ്പരയാണ് കഴിഞ്ഞ 200 ദിവസമായി നടത്തിവരുന്നത്.
സമരത്തെ തള്ളിപ്പറഞ്ഞും പ്രവർത്തകരെ അധിക്ഷേപിച്ചും മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം, സിഐറ്റിയു നേതാക്കളുമൊക്കെ സമരവീര്യം തകർക്കുവാൻ കുതന്ത്രങ്ങൾ ഒരുക്കിയെങ്കിലും ജനകീയ പിന്തുണയിൽ അതിജീവന സമരം കൂടുതൽ കരുത്താർജിച്ചു.
സർക്കാർ മുഖം തിരിഞ്ഞു നിന്ന് സമരത്തെ എതിർക്കുമ്പോൾ കോൺഗ്രസിന്റെയും യു ഡി എഫി ൻ്റെയും ഉറച്ച പിന്തുണ ആശമാരുടെ
അതിജീവന പോരാട്ടത്തിന് കൂടുതൽ കരുത്തായി. കേരളത്തിലെ ആരോഗ്യമേഖലയുടെ നെടുംതൂണായ ആശാ പ്രവർത്തകരുടെ പരിദേവനങ്ങൾ സങ്കുചിത രാഷ്ട്രീയമുയർത്തി സർക്കാർ സംവിധാനങ്ങൾ കണ്ടില്ലെന്ന് നടിച്ച് കണ്ണടയ്ക്കുമ്പോഴും തളരാത്ത മനസ്സുമായി ഇവർ പോരാടുകയാണ്.
രാപകൽസമര യാത്രയിലൂടെയും പ്രതിഷേധ സദസ്സുകളിലൂടെയും തങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ കേരള സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടി മുന്നേറുന്ന സ്ത്രീശക്തിയുടെ അതിജീവന പോരാട്ടം 200 ദിനത്തിലേക്കെത്തുകയാണ്. എത്ര ദിനങ്ങൾ പിന്നിട്ടാലും എത്രയാതനകൾ സഹിക്കേണ്ടി വന്നാലും തങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കും വരെ ഭരണസിരാകേന്ദ്രത്തിനു മുന്നിലെ അതിജീവന പോരാട്ടം തുടരുമെന്ന് നിലപാടിലുറച്ചാണ് സമരസമിതി.