WOMENS RIGHTS| ഇന്ന് സ്ത്രീ സമത്വ ദിനം; സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ഓര്‍മിപ്പിക്കുന്ന ദിനം

Jaihind News Bureau
Tuesday, August 26, 2025

സമത്വത്തെ പറ്റിയും സ്ത്രീ സുരക്ഷയെ പറ്റിയും വാ തോരാതെ സംസാരിക്കുന്ന രാജ്യമാണ് നമ്മുടേത്. ഭരണഘടനയില്‍ അടക്കം സ്ത്രീകളുടെ പ്രധാന്യം വ്യക്തമായി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 26ന് സ്ത്രീ സമത്വ ദിനമായാണ് ആചരിക്കുന്നത്. എന്നാല്‍ എത്രത്തോളം സമത്വമാണ് സ്ത്രീകള്‍ക്ക് നമ്മുടെ രാജ്യത്ത് ലഭിക്കുന്നത് എന്നത് ഇപ്പോഴും പരിശോധിക്കേണ്ടതാണ്.

എല്ലാ വര്‍ഷവും ഓഗസ്റ്റ് 26 നാണ് സ്ത്രീ സമത്വ ദിനമായി ആചരിക്കുന്നത്. എല്ലാ സ്ത്രീകള്‍ക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഉണ്ടെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്. സ്ത്രീകളുടെ പുരോഗതിക്കായും ഉന്നമനത്തിനായും പ്രവര്‍ത്തിക്കാനും ഈ ദിവസം ആഹ്വാനം ചെയ്യുന്നു. ലിംഗസമത്വത്തിനായി പ്രവര്‍ത്തിക്കുന്നതിനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധത സമൂഹത്തെ ഓര്‍മപ്പെടുത്തുന്ന ദിവസം കൂടിയാണിത്. വിവിധ മേഖലകളില്‍ സ്ത്രീകള്‍ കൈവരിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും അടയാളപ്പെടുത്തുന്നതിനും കൂടിയാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് 26 ന് വനിതാ സമത്വ ദിനം ആചരിക്കുന്നത്.

നീണ്ട പോരാട്ടത്തിനൊടുവില്‍ 1920 ഓഗസ്റ്റ് 26നാണ് അമേരിക്കയില്‍ പത്തൊന്‍പതാം ഭരണഘടനാ ഭേദഗതിയിലൂടെ സ്ത്രീകള്‍ക്ക് ആദ്യമായി വോട്ടവകാശം ലഭിച്ചത്. 1971-ല്‍, ഇതിന്റെ 50-ാം വാര്‍ഷികത്തില്‍ അമേരികന്‍ കോണ്‍ഗ്രസ് പ്രതിനിധി ബെല്ല അബ്‌സുഗ് ഓഗസ്റ്റ് 26 സ്ത്രീ സമത്വ ദിനമായി അനുസ്മരിക്കാന്‍ ബില്‍ അവതരിപ്പിച്ചു. ഈ ദിവസം, സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി വിവിധ പരിപാടികളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്. എന്നാല്‍ രാജ്യം സ്വതന്ത്രമായി 79ാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴും എത്രത്തോളം സമത്വവും സുരക്ഷയുമാണ് നമ്മുടെ രാജ്യത്ത് പലയിടങ്ങളിലും ലഭിക്കുന്നത് എന്നത് പരിശോധിക്കേണ്ടതുണ്ട്.