ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡല്‍ഹി സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സച്ചിന് ദത്തയാണ് വിധി പ്രസ്താവിച്ചത്. വിധിയുടെ വിശദമായ പകര്‍പ്പ് പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷന് വിവാദമായ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിരുദം നേടിയെന്ന് പറയപ്പെടുന്ന 1978-ല്‍ ബി.എ. പ്രോഗ്രാം പാസായ എല്ലാ വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നായിരുന്നു സിഐസി ഉത്തരവ്. ഇതിനെതിരെ ഡല്‍ഹി സര്‍വകലാശാല 2017-ല്‍ ഹൈക്കോടതിയെ സമീപിച്ചു. 2017 ജനുവരി 24-ന് ഹര്‍ജി പരിഗണിച്ച ആദ്യ ദിവസം തന്നെ ഹൈക്കോടതി സിഐസി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.
സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, സിഐസിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് വാദിച്ചു. പ്രധാനമന്ത്രിയുടെ 1978-ലെ ബിരുദ സര്‍ട്ടിഫിക്കറ്റ് കോടതിയെ കാണിക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും എന്നാല്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അപരിചിതര്‍ക്ക് പരിശോധനയ്ക്കായി നല്‍കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സര്‍വകലാശാല സൂക്ഷിക്കുന്നത് ഒരു ‘വിശ്വാസപരമായ ബന്ധത്തിന്റെ’ (fiduciary capacity) പുറത്താണെന്നും, ഇത് മൂന്നാം കക്ഷിക്ക് കൈമാറാന്‍ നിയമം അനുവദിക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു. വെറുമൊരു കൗതുകത്തിന്റെ പേരില്‍ വിവരാവകാശ നിയമത്തെ സമീപിക്കാനാവില്ലെന്നും സോളിസിറ്റര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ടിഐ അപേക്ഷകന്റെ നിലപാട്
വിവരാവകാശ പ്രവര്‍ത്തകനായ നീരജിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് സഞ്ജയ് ഹെഗ്ഡെ സര്‍വകലാശാലയുടെ വാദങ്ങളെ ശക്തമായി എതിര്‍ത്തു. ആവശ്യപ്പെട്ട വിവരങ്ങള്‍ സാധാരണയായി ഏത് സര്‍വകലാശാലയും പ്രസിദ്ധീകരിക്കുന്നതാണെന്നും, പണ്ട് നോട്ടീസ് ബോര്‍ഡുകളിലും വെബ്സൈറ്റുകളിലും പത്രങ്ങളില്‍ പോലും പ്രസിദ്ധീകരിച്ചിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ‘വിശ്വാസപരമായ ബന്ധത്തില്‍’ സൂക്ഷിക്കുന്നതാണെന്ന വാദത്തെയും അദ്ദേഹം എതിര്‍ത്തു. ഇത് നിയമപ്രകാരം വെളിപ്പെടുത്തുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു.
വിവരാവകാശ പ്രവര്‍ത്തകനായ നീരജ് കുമാര്‍ നല്കിയ അപേക്ഷയാണ് കേസിന്റെ അടിസ്ഥാനം. 1978-ല്‍ ബി.എ. പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികളുടെയും പേര്, റോള്‍ നമ്പര്‍, മാര്‍ക്ക്, ജയപരാജയ വിവരങ്ങള്‍ എന്നിവയായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഇത് മൂന്നാം കക്ഷിയുടെ വിവരങ്ങളാണെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാലയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷ നിരസിച്ചു. തുടര്‍ന്നാണ് നീരജ് കുമാര്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചത്.
വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ പൊതുസമൂഹത്തിന് അറിയാന്‍ അവകാശമുള്ള വിഷയമാണെന്നും, സര്‍വകലാശാല ഒരു പൊതു സ്ഥാപനമായതിനാല്‍ ഡിഗ്രി സംബന്ധിച്ച വിവരങ്ങള്‍ പൊതുരേഖയാണെന്നും വിലയിരുത്തിക്കൊണ്ടാണ് 2016-ല്‍ സിഐസി വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഉത്തരവിട്ടത്. ഈ ഉത്തരവാണ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.