ONAM 2025| പൂവിളിയുണര്‍ന്നു; ഇന്ന് അത്തം

Jaihind News Bureau
Tuesday, August 26, 2025

അത്തം നാളില്‍ തുളസി പൂവില്‍ വിരിഞ്ഞു തുടങ്ങുന്ന പൂക്കളം തിരുവോണ നാൡ എത്തുമ്പോഴേക്കും നിറ വൈവിദ്യങ്ങളുടെ പൂത്തറയായി മാറും. തൊടിയിലും നാട്ടു വഴിയിലും പൂവിടുന്ന ചെത്തിയും ചെണ്ടുമല്ലിയുമെല്ലാം അതില്‍ സ്ഥാനം പിടിച്ചിരുന്ന കാലം. പഴമക്കാരുടെ മനസില്‍ ഇന്നും പൂവിട്ടു നില്‍ക്കുന്ന ആ നല്ല കാലത്തിലേക്ക് ഒരു തിരിച്ചു പോക്കാണ് ഇത്തരം ഓണ കാലങ്ങള്‍…

പുതു തലമുറയ്ക്ക് ഇതെല്ലാം മുത്തശ്ശി കഥകളാണ്. ഓണ കാലത്ത് അവധി ലഭിക്കുമ്പോള്‍ തന്നെ അമ്മ വീട്ടിലേക്ക് ഓടിയിരുന്നവര്‍ക്ക് പറയാനുണ്ടാകും കഥകളേറെ. പാടവരമ്പിലും തൊടിയിലും പൂ തേടി നടന്ന ബാല്യം. അക്കരെയെവിടെയോ പൂവുണ്ടെന്ന് പരക്കെ ശ്രുതി കേട്ടാല്‍, കേട്ട് തീരും മുന്‍പ് അങ്ങോട്ടേക്ക് ഓടും. പിന്നെ തന്റെ പൂക്കളം നിറ വൈവിദ്യമാകാന്‍ വിവിധ പൂക്കള്‍ പറിക്കാനുള്ള മത്സരമാകും. പല നിറങ്ങളിലുള്ള ജമന്തിയും, ബന്തിയും, ചെത്തിയും അങ്ങനെ കൈക്കുമ്പിളില്‍ നിറയും. പറിച്ചിടുന്ന പൂക്കള്‍ കൊണ്ടു പോകുന്ന കുട്ടയാണ് ചേമ്പില. ആദ്യ ദിനം തുമ്പയില്‍ തുടങ്ങുന്ന പൂത്തറ പൂര്‍ണമാകുന്നത് പത്താം നാള്‍ തൃക്കാകരപ്പനെ ഒരുക്കുമ്പോഴാണ്.
ഓണം കേരളീയര്‍ക്ക് മഹോത്സവമാണ്. അത്തം മുതല്‍ പൂക്കളം ഒരുക്കി മലയാളികള്‍ കാത്തിരിക്കുന്നത് പത്താം നാളിലെ പൊന്‍പുലരിക്കായാണ്.

നഗരങ്ങളിലെ പ്രധാന ജംഗ്ഷനുകളെല്ലാം ഓണത്തിരക്കിലായി. പ്രധാന നഗരങ്ങളില്‍ പൂവ് വാങ്ങാനെത്തുന്നവരുടെ വലിയ തിരക്കാണ്. സ്‌കൂളിലും കോളേജിലും ഓഫീസിലുമെല്ലാം ഓണാഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഇക്കൂട്ടരാണ് ഏറ്റവും അധികം പൂവാങ്ങാനെത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. അത്തപ്പൂക്കള മത്സരങ്ങള്‍ക്കായി ബള്‍ക്ക് ഓര്‍ഡറുകളെത്തും. 200 മുതല്‍ 5000 രൂപയ്ക്ക് വരെ പൂവിന് ആവശ്യക്കാരുണ്ട്. എല്ലാ പൂവുകളും ചേര്‍ന്ന് സെറ്റായി നല്‍കുന്നതിന് 5000 രൂപയോളമാണ് ചാര്‍ജ്. പ്ലാസ്റ്റിക്ക് പൂവും കളര്‍ ഉപ്പും ഇടുന്ന ട്രെന്‍ഡുള്ളപ്പോഴും ഒറിജിനല്‍ പൂവിന് ആവശ്യക്കാര്‍ കുറയുന്നില്ല.