Voter Adhikar Yatra| ജനഹൃദയങ്ങളിലേക്ക് ബൈക്കിലേറി രാഹുല്‍ ഗാന്ധി: ‘വോട്ടര്‍ അധികാര്‍ യാത്ര’യ്ക്ക് ബീഹാറില്‍ അണപൊട്ടുന്ന ജനപിന്തുണ

Jaihind News Bureau
Sunday, August 24, 2025

പാറ്റ്‌ന: ബിഹാറിലെ ഗ്രാമീണ വീഥികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും നയിക്കുന്ന ‘വോട്ടര്‍ അധികാര്‍ യാത്ര’യ്ക്ക് ജനലക്ഷങ്ങളുടെ പിന്തുണ ഏറുന്നു. യാത്രയുടെ ഭാഗമായി ഇരുവരും ബൈക്കുകളില്‍ സഞ്ചരിച്ചതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി . ബിഹാറിലെ പുര്‍ണിയ, അരാരിയ ജില്ലകളിലെ തെരുവുകളിലൂടെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ബൈക്കോടിച്ച രാഹുലിനെയും തേജസ്വിയെയും കാണാന്‍ വഴിയോരങ്ങളില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.

ബിജെപി സര്‍ക്കാരിന്റെ ഒത്താശയോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബീഹാറിലെ 65 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനെതിരെയും മറ്റ് തിരഞ്ഞെടുപ്പ് അട്ടിമറികള്‍ക്കുമെതിരെയാണ് ‘വോട്ടര്‍ അധികാര്‍ യാത്ര’ സംഘടിപ്പിച്ചിരിക്കുന്നത്. ‘വോട്ട് കള്ളന്‍, കസേര ഒഴിയൂ’ എന്ന മുദ്രാവാക്യം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ യാത്ര ഒരു പ്രതിഷേധ പ്രസ്ഥാനമെന്നതിലുപരി ‘ഇന്ത്യ’ മുന്നണിയുടെ ശക്തി പ്രകടനമായി മാറിക്കഴിഞ്ഞു.

ജനങ്ങളോടൊപ്പം, ജനങ്ങള്‍ക്കായി

യാത്രയിലുടനീളം സാധാരണക്കാരുമായി രാഹുല്‍ ഗാന്ധി നടത്തുന്ന സംവാദങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. കര്‍ഷകര്‍, ദിവസക്കൂലിക്കാര്‍, സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി അദ്ദേഹം നേരിട്ട് സംവദിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ ക്ഷമയോടെ കേള്‍ക്കുകയും ചെയ്യുന്നു. പല ഗ്രാമങ്ങളിലും സാധാരണക്കാരുടെ വീടുകളില്‍ കയറിച്ചെന്ന് ചായ കുടിച്ചും ഭക്ഷണം കഴിച്ചും അവരുടെ ആശങ്കകള്‍ ചോദിച്ചറിയുന്ന രാഹുല്‍ ഗാന്ധിയുടെ ശൈലി അദ്ദേഹത്തെ ജനകീയനാക്കുന്നു. വിലക്കയറ്റം മുതല്‍ തൊഴിലില്ലായ്മ വരെയുള്ള വിഷയങ്ങള്‍ ഈ കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാകുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം ചിത്രങ്ങള്‍ പ്രചരിക്കുന്നത് യാത്രയുടെ ജനകീയ മുഖം വര്‍ധിപ്പിക്കുന്നു.

ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ആഞ്ഞടിച്ച് രാഹുല്‍

കതിഹാര്‍ ജില്ലയില്‍ നടന്ന റാലിയില്‍, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ ‘വോട്ടുകള്‍ മോഷ്ടിക്കാനുള്ള ശ്രമങ്ങള്‍’ നടക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതുമുതല്‍ പാവപ്പെട്ടവര്‍ക്ക് അവസരങ്ങളുടെ വാതിലുകള്‍ ബിജെപി കൊട്ടിയടച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ദളിതരും പിന്നാക്ക വിഭാഗക്കാരും സാമൂഹികമായി ഉയരരുത്, സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കരുത് എന്നാണ് ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നത്. അതിനാലാണ് അവര്‍ ഭരണഘടനയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഇന്ത്യ’ മുന്നണിയുടെ ഐക്യകാഹളം

ഓഗസ്റ്റ് 17-ന് സസാറാമില്‍ നിന്ന് ആരംഭിച്ച 1300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ യാത്ര 16 ദിവസം കൊണ്ട് 20-ല്‍ അധികം ജില്ലകളിലൂടെ കടന്നുപോയി സെപ്റ്റംബര്‍ 1-ന് പട്‌നയിലെ റാലിയോടെ സമാപിക്കും. തേജസ്വി യാദവിനെ ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയായും രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായും ഉയര്‍ത്തിക്കാട്ടുന്ന തരത്തിലേക്ക് യാത്ര മാറിയിട്ടുണ്ട്. ഗ്രാമീണ മേഖലകളിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിലൂടെ, ദേശീയ ചര്‍ച്ചകളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ ശബ്ദമായി മാറാന്‍ ‘ഇന്ത്യ’ മുന്നണിക്ക് സാധിക്കുന്നു.

ഈ യാത്ര ബീഹാറിലെ തിരഞ്ഞെടുപ്പ് അവകാശങ്ങള്‍, സാമൂഹിക നീതി, സാമ്പത്തിക അവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മൂര്‍ച്ച കൂട്ടിയിട്ടുണ്ട്. ഇത് യുവ വോട്ടര്‍മാരിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലും ശക്തമായ സ്വാധീനം ചെലുത്തുമെന്നും പ്രതിപക്ഷത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.