Russia-Ukraine| കിഴക്കന്‍ യുക്രെയ്‌നില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തതായി റഷ്യ; യുക്രെയ്ന്‍ തിരിച്ചടിച്ചതായി റിപ്പോര്‍ട്ട്

Jaihind News Bureau
Sunday, August 24, 2025

കിഴക്കന്‍ യുക്രെയ്‌നിലെ ഡൊണെറ്റ്‌സ്‌ക് മേഖലയില്‍ തന്ത്രപ്രധാനമായ കൂടുതല്‍ ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡൊണെറ്റ്‌സ്‌കിലെ 1,000 കിലോമീറ്റര്‍ നീളമുള്ള മുന്‍നിരയില്‍ റഷ്യന്‍ സൈന്യം തുടര്‍ച്ചയായി മുന്നേറ്റം നടത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

വെള്ളിയാഴ്ച മാത്രം മൂന്ന് ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായി മോസ്‌കോ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്ലെബാന്‍-ബൈക്ക് (ടൊറെറ്റ്‌സ്‌കിന് വടക്ക്), സെറെഡ്‌നെ (ഖാര്‍കിവ് മേഖല അതിര്‍ത്തിക്കടുത്ത്) എന്നീ രണ്ട് ഗ്രാമങ്ങളുടെ നിയന്ത്രണം കൂടി ഏറ്റെടുത്തതായി റഷ്യ അറിയിച്ചത്. ഇതോടെ റഷ്യ പിടിച്ചെടുത്ത ഗ്രാമങ്ങളുടെ എണ്ണം അഞ്ചായി. കോസ്റ്റിയാന്റിനിവ്കയ്ക്ക് അടുത്തുള്ള കാറ്റെറിനിവ്ക, റുസിന്‍ യാര്‍ എന്നിവയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

അതേസമയം, റഷ്യയുടെ ഈ അവകാശവാദങ്ങള്‍ യുക്രെയ്ന്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയുടെ അതിര്‍ത്തിയിലുള്ള സെലെനി ഹായ് എന്ന പ്രദേശം തങ്ങളുടെ സൈന്യം തിരിച്ചുപിടിച്ചതായി യുക്രെയ്ന്‍ അറിയിച്ചു. റഷ്യന്‍ സൈന്യത്തിന്റെ ഡൊണെറ്റ്‌സ്‌കിലെ മുന്നേറ്റം തടയുന്നതിനും ഡിനിപ്രോപെട്രോവ്‌സ്‌കിലേക്ക് അതിക്രമിച്ച് കടക്കാനുള്ള ശ്രമങ്ങള്‍ തകര്‍ക്കുന്നതിനും സംയുക്ത സൈനിക നീക്കം നടത്തിയതായി യുക്രെയ്ന്‍ സൈനിക ഇന്റലിജന്‍സ് അറിയിച്ചു. നിലവില്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ കിഴക്കന്‍ മേഖലയില്‍ രൂക്ഷമായി തുടരുകയാണ്.