കോട്ടയം: പാലായില്‍ ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശികളായ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭരണങ്ങാനം ഇടമറ്റം എഫ്.സി. കോണ്‍വെന്റിലെ ജീവനക്കാരനായ അറുമുഖം ഷണ്‍മുഖവേല്‍ (സൂര്യ) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 10:15 ഓടെ ഇവര്‍ താമസിക്കുന്ന വീട്ടിലാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ, ഒപ്പം താമസിച്ചിരുന്ന കാര്‍ത്തിക് സെല്‍വരാജ് വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സൂര്യയുടെ കഴുത്തിലും മുഖത്തും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂര്യയെ പാലാ പോലീസ് എത്തി ഉടന്‍ തന്നെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് കാര്‍ത്തിക് സെല്‍വരാജിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.