KERALA GOVERNMENT| സര്‍ക്കാര്‍ തണലില്‍ കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍; ശിശുക്ഷേമ സമിതിയിലെ കുരുന്നുകള്‍ നിരന്തരം ആശുപത്രിയില്‍

Jaihind News Bureau
Saturday, August 23, 2025

ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരക്കുറവും നിരന്തരമായ ആരോഗ്യപ്രശ്‌നങ്ങളും കണ്ടെത്തി. സര്‍ക്കാരിന്റെ സംരക്ഷണയില്‍ കഴിയേണ്ട കുരുന്നുകള്‍ക്കാണ് പോഷകാഹാരക്കുറവ് മൂലം നിരന്തരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം തൈക്കാടുള്ള ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങളാണ് സര്‍ക്കാര്‍ അധികൃതരുടെ കടുത്ത അനാസ്ഥയെ തുടര്‍ന്ന് ഇപ്പോള്‍ ദുരിതം അനുഭവിക്കുന്നത്. പോഷകാഹാരക്കുറവ് മൂലം രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍ അടിക്കടി രോഗം ബാധിച്ച് ആശുപത്രിയിലാകുന്നത് ഇവിടെ ഒരു പതിവ് കാഴ്ചയാണ്.

നിലവില്‍, ആറോളം കുട്ടികളെയാണ് ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള നവജാത ശിശുക്കള്‍ മുതല്‍ 18 വയസ്സുവരെയുള്ളവര്‍ ഈ കേന്ദ്രത്തിലുണ്ട്. നൂറോളം കുട്ടികളാണ് ശിശുക്ഷേമ സമിതിയിലുള്ളത്. ഓരോ കുട്ടിയുടെയും പ്രായത്തിനും ആരോഗ്യസ്ഥിതിക്കും അനുസരിച്ച് പ്രത്യേക ഭക്ഷണക്രമം നിശ്ചയിക്കാനോ മേല്‍നോട്ടം വഹിക്കാനോ ഒരു സ്ഥിരം ഡയറ്റീഷ്യന്‍ പോലുമില്ലാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമാകുന്നത്.

ഒരു സ്ഥിരം ഡയറ്റീഷ്യനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സമിതി ഭാരവാഹികള്‍ നിരവധി തവണ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായില്ല. മാസത്തിലൊരിക്കല്‍ പേരിനു മാത്രം ഡയറ്റീഷ്യന്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. അവരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കപ്പെടുന്നില്ലെന്ന ഗുരുതരമായ ആരോപണവും ഒപ്പം ഉയരുന്നുണ്ട്. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യമാണ് നിലവില്‍ ഉയരുന്നത്.