കര്‍ണാടകയിലെ ധര്‍മസ്ഥലയിലുണ്ടായ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. 2003-ല്‍ ധര്‍മസ്ഥല ക്ഷേത്രപരിസരത്തുനിന്ന് കാണാതായെന്ന് പറയപ്പെടുന്ന അനന്യ ഭട്ട് എന്ന മകള്‍ തനിക്കില്ലെന്ന് സുജാത ഭട്ട് വെളിപ്പെടുത്തി. ചിലരുടെ ഭീഷണിയെ തുടര്‍ന്ന് താന്‍ കള്ളം പറയുകയായിരുന്നുവെന്ന് സുജാത ഭട്ട് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഈ വെളിപ്പെടുത്തലിന് തൊട്ടുമുമ്പ്, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സുജാത ഭട്ടിന് നോട്ടീസ് നല്‍കിയിരുന്നു. മകള്‍ അനന്യയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സുജാതയുടെ ഈ വെളിപ്പെടുത്തല്‍.
ഗിരീഷ് മട്ടന്നവര്‍, ടി ജയന്ത് എന്നിവരുടെ ഭീഷണിയെ തുടര്‍ന്നാണ് താന്‍ കള്ളം പറഞ്ഞതെന്ന് സുജാത ഭട്ട് വെളിപ്പെടുത്തി. ‘എനിക്കൊരു തെറ്റുപറ്റി. ദയവായി എന്നോട് ക്ഷമിക്കണം. ധര്‍മസ്ഥലയോടും കര്‍ണാടകയിലെ ജനങ്ങളോടും രാജ്യത്തോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. ഈ വിവാദം അവസാനിപ്പിച്ച് സമാധാനമായി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ സുജാത ഭട്ട് പറഞ്ഞു.
അനന്യ ഭട്ട് മംഗളൂരുവിലും മണിപ്പാലിലും മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നുവെന്നാണ് സുജാത നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങളുടെ ഔദ്യോഗിക രേഖകളിലൊന്നും അനന്യ ഭട്ടിന്റെ പേരില്‍ അഡ്മിഷന്‍ രേഖകളില്ലെന്ന് എസ്ഐടി കണ്ടെത്തി. ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയല്ലാതെ, അനന്യ ജീവിച്ചിരുന്നു എന്നതിന് മറ്റൊരു തെളിവും ഹാജരാക്കിയിട്ടില്ല. സുജാത കാണാതായ മകളുടേതെന്ന് പറഞ്ഞ ഫോട്ടോ, അവരുടെ കാമുകനായിരുന്ന രംഗപ്രസാദിന്റെ മരുമകളായ വാസന്തിയുടെതാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സുജാതയുടെ ഭൂതകാലത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 2005 വരെ ശിവമോഗയിലെ റിപ്പണ്‍പേട്ടില്‍ പ്രഭാകര്‍ ബാലിഗയ്ക്കൊപ്പമായിരുന്നു സുജാതയുടെ താമസം. പിന്നീട് ബെംഗളൂരുവിലേക്ക് മാറിയ അവര്‍, രംഗപ്രസാദ് എന്ന വ്യക്തിയുമായി പ്രണയത്തിലായി. സഹായിയായി രംഗപ്രസാദിന്റെ വീട്ടിലെത്തിയ സുജാത പിന്നീട് അവിടെ താമസം തുടങ്ങി.
രംഗപ്രസാദിന്റെ മകനായ ശ്രീവത്സന്റെയും മരുമകള്‍ വാസന്തിയുടെയും ജീവിതം ഇത് വഴി ദുരിതത്തിലായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാസന്തി ഭര്‍ത്താവില്‍നിന്ന് അകന്ന് കുടകിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയും 2007-ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്തു. ഭാര്യയുടെ മരണശേഷം ശ്രീവത്സന്‍ മദ്യത്തിന് അടിമയായി. ഈ തക്കം നോക്കി കുടുംബ സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ സുജാത ശ്രമിച്ചു. പിന്നീട് രംഗപ്രസാദിന്റെ വീട് വിറ്റ്, കിടപ്പിലായ ശ്രീവത്സനെ വാടക വീട്ടിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015-ല്‍ ശ്രീവത്സയും 2023 ജനുവരിയില്‍ രംഗപ്രസാദും മരിച്ചു. ശേഷം 20 ലക്ഷം രൂപയുമായി സുജാത വീട് മാറി.
സുജാതക്ക് അങ്ങനെയൊരു മകളില്ലെന്ന് സഹോദരനും സ്ഥിരീകരിച്ചു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീടുവിട്ടുപോയ സുജാത പിന്നീട് അപൂര്‍വമായി മാത്രമേ വീട്ടില്‍ വന്നിട്ടുള്ളൂ. കുടുംബവുമായി യാതൊരു ബന്ധവുമില്ലായിരുന്നെന്നും, കഴിഞ്ഞ വര്‍ഷം വന്നപ്പോള്‍ ബെംഗളൂരുവിലാണ് താമസമെന്നും കോടീശ്വരിയാണെന്നും പറഞ്ഞിരുന്നുവെന്നും സഹോദരന്‍ വെളിപ്പെടുത്തി. അപ്പോഴും മകളെയോ കുടുംബത്തെയോ കുറിച്ച് ഒരു വിവരവും നല്‍കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.