രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വിവാദങ്ങല്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് ഷാഫി പറമ്പില്‍ എം.പി. വിവാദങ്ങളില്‍ കോണ്‍ഗ്രസ് നിര്‍വീര്യമാകില്ല. കോണ്‍ഗ്രസിനെ ആരും ധാര്‍മ്മിക പഠിപ്പിക്കണ്ട. രാജി ആവശ്യപ്പെടാന്‍ സിപിഎമ്മനും ബിജെപിക്കും എന്ത് ധാര്‍മ്മികതയാണുള്ളതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
എഫ്ഐആറോ നിയമപരമായ പരാതിയോ ഇല്ലാതിരുന്നിട്ടും ആരോപണങ്ങള്‍ ഉയര്‍ന്ന ഉടന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി സമര്‍പ്പിച്ചു. രാഹുല്‍ സ്വമേധയാ പാര്‍ട്ടി നേതൃത്വത്തെ ഈ തീരുമാനം അറിയിക്കുകയായിരുന്നുവെന്നും ഷാഫി പറഞ്ഞു. എന്നിട്ടും കോണ്‍ഗ്രസിനെ ധാര്‍മികത പഠിപ്പിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാഹുല്‍ രാജി വെച്ചതുപോലെയുള്ള ഒരു സാഹചര്യത്തില്‍ സിപിഎം നേതാവാണ് ഉള്‍പ്പെട്ടിരുന്നതെങ്കില്‍ മാധ്യമങ്ങള്‍ ധാര്‍മികതയുടെ ക്ലാസുകള്‍ എടുക്കുമായിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ മറ്റ് പാര്‍ട്ടികള്‍ പിന്തുടരുന്ന ശൈലിയില്‍നിന്ന് വ്യത്യസ്തമായി, രാഹുലിന്റെ രാജി സന്നദ്ധത കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കുകയും അദ്ദേഹത്തെ സ്ഥാനത്തുനിന്ന് ഒഴിവാക്കുകയും ചെയ്തു.
‘പദവി ഒഴിഞ്ഞിട്ടും കോണ്‍ഗ്രസ് എന്തു ചെയ്തു എന്ന ചോദ്യം ഉന്നയിക്കുന്നവര്‍ക്ക് കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കും. ഗോവിന്ദന്‍ മാഷിനെപ്പോലുള്ള നേതാക്കളാണ് കോണ്‍ഗ്രസിനെ ധാര്‍മികത പഠിപ്പിക്കുന്നത്,’ ഷാഫി പരിഹസിച്ചു. ഒരു എംഎല്‍എയുടെ പേരില്‍ പോലീസ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിട്ടും സ്ഥാനത്ത് തുടരാന്‍ അനുവദിച്ച സിപിഎം എങ്ങനെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ രാജി ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം ചോദിച്ചു.
‘കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനും പ്രവര്‍ത്തകരെ നിശബ്ദരാക്കാനും സര്‍ക്കാരിന്റെ വീഴ്ചകളെ മറച്ചുവെക്കാനും വേണ്ടിയായിരിക്കാം ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുര്‍ബലരാകില്ല. സര്‍ക്കാരിന്റെ പരാജയങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതില്‍ നിന്ന് ഞങ്ങള്‍ പിന്നോട്ട് പോകില്ല,’ ഷാഫി വ്യക്തമാക്കി.
പോക്‌സോ കേസിലെ പ്രതിയെ പാര്‍ലമെന്റ് ബോര്‍ഡ് അംഗമാക്കിയ ബിജെപിക്കും കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ അവകാശമില്ല. ഇപ്പോഴും മന്ത്രിസഭയില്‍ തുടരുന്ന ചില മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി, അവര്‍ എന്തുകൊണ്ട് രാജിവെച്ചില്ല എന്നും ഷാഫി ചോദിച്ചു.
അതേസമയം താന്‍ എവിടെയും ഒളിച്ചോടിയിട്ടില്ലെന്നും ഷാഫി വ്യക്തമാക്കി. ‘ബീഹാറിലേക്ക് മുങ്ങി’ എന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞതിന് ശേഷം ഡല്‍ഹിയില്‍നിന്ന് അടുത്തായതുകൊണ്ടാണ് താന്‍ ബീഹാറിലെ സുപ്രധാനമായ സമരത്തില്‍ പങ്കെടുത്തതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഒരു എം.പി. എന്ന നിലയില്‍ അത് തന്റെ ഉത്തരവാദിത്വമാണെന്നും, മാധ്യമങ്ങളെയോ പ്രതിഷേധങ്ങളെയോ പേടിച്ച് ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.