V D Satheesan| രാഹുലിനെതിരായ ആരോപണങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും; കേരളത്തില്‍ ആരോപണവിധേയരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി: വി ഡി സതീശന്‍

Jaihind News Bureau
Saturday, August 23, 2025

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതികളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പരാതികള്‍ ഗൗരവത്തോടെ പരിശോധിക്കും. കുറ്റക്കാരെ ഏറ്റവും കൂടുതല്‍ സംരക്ഷിക്കുന്നത് സിപിഎം ആണെന്നും വി.ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ ആരോപണവിധേയരെ ഏറ്റവും കൂടുതല്‍ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിക്കും സിപിഎമ്മിനും കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഞങ്ങള്‍ ഗൗരവമായി അന്വേഷിച്ച് നടപടിയെടുക്കും. അദ്ദേഹത്തിനെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ല. എന്നിട്ടും ആരോപണങ്ങള്‍ ഉയര്‍ന്നതിന് 24 മണിക്കൂറിനുള്ളില്‍ അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ചു. ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും. ആരോപണവിധേയരായ ആളുകളെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. അതുകൊണ്ട് ആളുകള്‍ ക്ലിഫ് ഹൗസിലേക്കാണ് മാര്‍ച്ച് നടത്തേണ്ടത്,’ സതീശന്‍ പറഞ്ഞു.

‘ഒരു പോക്സോ കേസില്‍ പ്രതിയായ ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ഇപ്പോഴും ഉന്നത സ്ഥാനത്ത് തുടരുന്നുണ്ട്. അതുകൊണ്ട് ബിജെപി നേതാക്കള്‍ ഞങ്ങള്‍ക്ക് ക്ലാസ് എടുക്കാന്‍ വരേണ്ട. കോണ്‍ഗ്രസിന് അതിന്റേതായ തീരുമാനങ്ങളുണ്ട്, അത് ഞങ്ങള്‍ എടുക്കും. ആരോപണം ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ ഒരു യുഡിഎഫ് പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെ വേട്ടയാടരുത്. അത് ഞങ്ങളുടെ സംസ്‌കാരമല്ല.’

‘അദ്ദേഹം നിരപരാധിയാണെങ്കില്‍ അത് തെളിയിക്കാന്‍ അവസരം നല്‍കും. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ സിപിഎമ്മിനും ബിജെപിക്കും അവകാശമില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.കെ. ശ്രീകണ്ഠന്റെ പരാമര്‍ശം തെറ്റാണെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നെന്നും, അത് അദ്ദേഹം തിരുത്തിയെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.