Kerala University| കേരള സര്‍വകലാശാല: അധികാര തര്‍ക്കം രൂക്ഷം; സീല്‍ പിടിച്ചെടുക്കാനുള്ള വി.സി.യുടെ നീക്കം സിന്‍ഡിക്കേറ്റ് തള്ളി

Jaihind News Bureau
Saturday, August 23, 2025

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലറും (വി.സി.) സിന്‍ഡിക്കേറ്റും തമ്മിലുള്ള അധികാര തര്‍ക്കം രൂക്ഷമാകുന്നു. സര്‍വകലാശാലയുടെ ഔദ്യോഗിക സീല്‍ രജിസ്ട്രാറില്‍നിന്ന് പിടിച്ചെടുക്കാനുള്ള വി.സി. മോഹനന്‍ കുന്നുമ്മലിന്റെ നിര്‍ദേശം സിന്‍ഡിക്കേറ്റ് തള്ളി. സീല്‍ മറ്റാര്‍ക്കും കൈമാറരുതെന്ന് രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിന് സിന്‍ഡിക്കേറ്റ് നിര്‍ദേശം നല്‍കി.

വി.സി. സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാറുടെ പക്കലാണ് നിലവില്‍ ഔദ്യോഗിക സീല്‍. ഇതേത്തുടര്‍ന്ന് സര്‍വകലാശാല നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ സീല്‍ പതിക്കാത്തത് വിദ്യാര്‍ഥികളില്‍നിന്നും പരാതിക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് സീല്‍ പിടിച്ചെടുക്കാന്‍ വി.സി. ഉത്തരവിറക്കിയത്.

എങ്കിലും, വി.സി. നിര്‍ദേശിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥരല്ല ഔദ്യോഗിക സീല്‍ കൈവശം വെക്കേണ്ടതെന്നാണ് ഇടതുപക്ഷ സിന്‍ഡിക്കേറ്റിന്റെ നിലപാട്. സീല്‍ കൈവശം വെക്കേണ്ട ഉദ്യോഗസ്ഥനെ നിര്‍ദേശിക്കാന്‍ വി.സിക്ക് അധികാരമില്ലെന്നും സിന്‍ഡിക്കേറ്റ് വാദിച്ചു. ഈ തീരുമാനത്തോടെ വി.സിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള പ്രതിസന്ധി വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.