രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വയ്ക്കണമെന്നത് പൊതു ആവശ്യം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. കേരളത്തില്‍ മറ്റൊരു നേതാവിനെതിരെയും ഇതുപോലെയൊന്നും ആരോപണങ്ങള്‍ ഉണ്ടായിട്ടില്ലത്രേ…സ്വന്തം പാര്ട്ടിക്കാര് മുന്‍പ് ഇതേ വഴിയിലൂടെ കടന്നു പോയപ്പോള്‍ കോടതി തീരമാനം വന്നാലെ പ്രതിയായി കണക്കാക്കപ്പെടൂ എന്ന് വാദിച്ച പാര്‍ട്ടി സെക്രട്ടറിയാണ് ഇപ്പോള്‍ രാഹുലിന്റെ രാജിക്ക് വേണ്ടി മുറവിളി കൂട്ടുന്നത്.
നടനും ഇടത് എംഎല്‍എയുമായ എം.മുകേഷിനെതിരെയുള്ള ലൈഗികാതിക്രമ കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം വരെ സമര്‍പ്പിച്ചിരുന്നു. എങ്കിലും എംഎല്‍എ സ്ഥാനം രാജി വയ്ക്കേണ്ട കാര്യമില്ലെന്നായിരുന്നു എം.വി ഗേവിന്ദന്റെ നിലപാട്. ഒരു പരിധി വരെ മുകേഷിന്റെ കാര്യത്തില്‍ മൗനം തുടരുന്നതാണ് നല്ലതെന്ന് പാര്‍ട്ടി വിശകലനവും നടത്തി. ആ സമയത്ത് ആരോപണ വിധേയനായ മുകേഷിനെ മുഖ്യധാരയിലൊന്നും കാണാനില്ലായിരുന്നു. എംഎല്‍എ എവിടെയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ആരൊക്കെ എവിടെയാണെന്ന് എനിക്കെങ്ങനെ അറിയാം, നിങ്ങള്‍ തിരക്ക്’ എന്നാണ് ക്ഷുഭിതനായി അദ്ദേഹം മറുപടി പറഞ്ഞത്. കൊല്ലത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലടക്കം മുകേഷ് എംഎല്‍എ അപ്രത്യക്ഷനായിരുന്നു.
കോടതി വിധി വരും വരെ എംഎല്‍എ സ്ഥാനം ഒഴിയേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയാണ് എം.വി ഗോവിന്ദന് അന്ന് മുകേഷിനെ ചേര്‍ത്തു നിര്‍ത്തിയത്. ഇന്ന് ആരോപണ വിധേയനായി നില്‍ക്കുന്നത് എതിര് കക്ഷി ആയതുകൊണ്ട് മാത്രം തന്റെ നിലപാടില്‍ ചാടി കളിക്കുകയാണ് പാര്‍ട്ടി സെക്രട്ടറി. ആളും തരവും നോക്കി നിലപാടുകള്‍ മാറ്റുന്ന ഇത്തരം ഗോവിന്ദന്മാര് ഭരിക്കുന്ന കാലത്തോളം ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാല്‍ മതി.