കൊച്ചി: കോടതി പരിസരത്തുനിന്ന് ഒരാളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ജഡ്ജിയുടെ മുന്‍കൂര്‍ അനുമതി തേടണമെന്ന് ഹൈക്കോടതി. ആലപ്പുഴ രാമങ്കരി കോടതിയില്‍ അഭിഭാഷകന്റെ അറസ്റ്റിന് ശ്രമിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിര്‍ദേശം.
കോടതി പരിസരത്ത് ഒരു ഗുരുതര കുറ്റകൃത്യം നടക്കുന്ന സാഹചര്യത്തില്‍ പൊലീസിന് മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് നടത്താം. ആവശ്യമെങ്കില്‍ ബലപ്രയോഗവും നടത്താം. എന്നാല്‍, ഈ സാഹചര്യങ്ങളില്‍ അറസ്റ്റ് ചെയ്ത ഉടന്‍ തന്നെ ബന്ധപ്പെട്ട ജഡ്ജിയെ വിവരമറിയിക്കണം. കൂടാതെ, ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞ വാറന്റ് പ്രതികളെ കോടതി പരിസരത്ത് കണ്ടാലും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്താമെന്ന് കോടതി അറിയിച്ചു.
സ്വമേധയാ അല്ലെങ്കില്‍ അഭിഭാഷകന് മുഖേന കോടതിയില്‍ കീഴടങ്ങാന്‍ വരുന്നവരെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ കോടതിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഈ വിഷയങ്ങളിലെ പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന, ജില്ലാതലങ്ങളില്‍ സമിതികള്‍ രൂപീകരിക്കണമെന്നും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. കോടതി ഹാള്‍ മാത്രമല്ല, ക്വാര്‍ട്ടേഴ്സുകള്‍ ഒഴികെയുള്ള കോടതിയുടെ എല്ലാ വസ്തുവകകളും കോടതി പരിസരത്തില്‍ ഉള്‍പ്പെടുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോടതിയുടെ പ്രവര്‍ത്തന സമയത്താണ് ഈ മാര്‍ഗ്ഗരേഖ ബാധകമാകുക എന്നും കോടതി കൂട്ടിച്ചേര്‍ത്തു.