കോട്ടയം: കോട്ടയം നഗരത്തിലും പാലാ കൊല്ലപ്പള്ളിയിലും 12 പേരെ ആക്രമിച്ച തെരുവ് നായകള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ ADDL ലാബില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരം സ്ഥിരീകരിച്ചത്.
കോട്ടയം നഗരത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ഇവിടെ ഏഴ് പേര്‍ക്കാണ് കടിയേറ്റത്. ആക്രമണത്തിന് ശേഷം പിടികൂടി എബിസി സെന്ററിലേക്ക് മാറ്റിയ നായ പിന്നീട് ചത്തു. ചൊവ്വാഴ്ച വൈകുന്നേരം കൊല്ലപ്പള്ളിയില്‍ അഞ്ച് അതിഥി തൊഴിലാളികള്‍ക്കും വളര്‍ത്തു നായകള്‍ക്കും തെരുവ് നായയുടെ കടിയേറ്റിരുന്നു. ആളുകളെ കടിച്ച ശേഷം രക്ഷപ്പെട്ട ഈ നായയെ കഴിഞ്ഞ ദിവസം രാവിലെ ടൗണിന് സമീപം ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് എറണാകുളത്തു നിന്ന് വിദഗ്ധസംഘം കൊല്ലപ്പള്ളിയിലെത്തി അലഞ്ഞുതിരിയുന്ന തെരുവ് നായകള്‍ക്ക് പേവിഷബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി.