Israel rejects Hamas approved ceasefire deal| ഹമാസ് അംഗീകരിച്ച വെടിനര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ തള്ളി; ഗാസയില്‍ സംഘര്‍ഷം രൂക്ഷം

Jaihind News Bureau
Friday, August 22, 2025

ഗാസ സിറ്റിയില്‍ ഇസ്രായേലിന്റെ ആക്രമണം ശക്തമാകുന്നു. ഹമാസ് അംഗീകരിച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം സ്വീകാര്യമല്ലെന്ന നിലപാടിലാണ് ഇസ്രായേല്‍. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ദോഹയിലേക്കും കെയ്റോയിലേക്കും സംഘത്തെ അയക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ മുന്നോട്ട് വെക്കുന്ന ഉപാധികളുടെ അടിസ്ഥാനത്തിലല്ലാതെയുള്ള യുദ്ധവിരാമത്തിന് തയാറല്ലെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അറിയിച്ചു. ബന്ദിമോചനവും വെടിനിര്‍ത്തലും ഉറപ്പാക്കാന്‍ ചര്‍ച്ചക്ക് തയാറാകാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. യു.എസ്. ദൂതന്‍ സ്റ്റിവ് വിറ്റ്‌കോഫ് സമര്‍പ്പിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശത്തെക്കുറിച്ച് നെതന്യാഹു പ്രതികരിക്കാന്‍ തയാറായില്ല.

അറുപതിനായിരം റിസര്‍വ് സൈനികരെ റിക്രൂട്ട് ചെയ്തും സൈനിക സന്നാഹങ്ങള്‍ വര്‍ധിപ്പിച്ചും ഗാസയെ കീഴ്‌പ്പെടുത്താനുള്ള വിപുലമായ ആക്രമണ പദ്ധതിക്ക് തുടക്കം കുറിച്ചതായി ഇസ്രായേല്‍ സേന അറിയിച്ചു. അതിനിടെ, ഗാസയില്‍ ഭക്ഷണത്തിനായി കാത്തുനിന്ന 13 പേരുള്‍പ്പെടെ 43 പേര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 112 കുട്ടികള്‍ ഉള്‍പ്പെടെ 271 പേരാണ് ഇതുവരെ പട്ടിണി മൂലം ഗാസയില്‍ മരിച്ചത്. കൂടുതല്‍ സഹായം ഉടന്‍ ലഭ്യമാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

വടക്കന്‍ ഗാസയ്ക്ക് പിന്നാലെ ഗാസ സിറ്റിയില്‍ നിന്നും പലസ്തീനികളെ പുറന്തള്ളാനുള്ള ആസൂത്രിത നീക്കങ്ങളാണ് ഇസ്രായേല്‍ ആരംഭിച്ചിരിക്കുന്നത്. ആശുപത്രികളില്‍ നിന്ന് എല്ലാ രോഗികളെയും തെക്കന്‍ ഗാസയിലേക്ക് മാറ്റാന്‍ ഇസ്രായേല്‍ സൈന്യം നിര്‍ദേശിച്ചു. ഇത് നൂറുകണക്കിന് രോഗികളുടെ മരണത്തിന് കാരണമാകുമെന്ന് ഗാസ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഏകദേശം പത്ത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന ഗാസ സിറ്റിയില്‍ നിന്ന് ആളുകളെ പുറന്തള്ളുന്ന ഈ പദ്ധതിക്ക് സഹകരിക്കണമെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകളോട് ഇസ്രായേല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.