ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് നിലവിലെ കമ്മിഷണറുടെ കസേര തെറിച്ചു. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സതീഷ് ഗോല്‍ച്ചയെ പുതിയ ഡല്‍ഹി പോലീസ് കമ്മീഷണറായി നിയമിച്ചു . നിലവില്‍ ഡല്‍ഹി ഡയറക്ടര്‍ ജനറല്‍ (ജയില്‍) ആയി സേവനമനുഷ്ഠിക്കുന്ന സതീഷ് ഗോള്ച്ചയോട് ഉടന്‍ ചുമതലയേല്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. അദ്ദേഹം ചുമതലയേല്‍ക്കുന്ന തീയതി മുതല്‍ നിയമനം പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവില്‍ പറയുന്നു. ഡല്‍ഹി പോലീസ് കമ്മീഷണറുടെ അധിക ചുമതല വഹിച്ചിരുന്ന ശശി ഭൂഷണ് കുമാര്‍ സിങ്ങിന് പകരക്കാരനായാണ് ഗോള്‍ച്ച നിയമിതനാകുന്നത്. സഞ്ജയ് അറോറ വിരമിച്ചതിന് ശേഷം ജൂലൈ 31 ന് ചുമതലയേറ്റ സിംഗ്, ഡിജി (ഹോം ഗാര്‍ഡ്സ്) ആയി തുടര്‍ന്നും സേവനമനുഷ്ഠിക്കും.
മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിനും തലസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വെടിവെപ്പ് അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്കും പിന്നാലെയാണ് നിലവിലെ കമ്മീഷണര്‍ ശശി ഭൂഷണ് കുമാര്‍ സിംഗിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത് കേന്ദ്രസര്‍ക്കാരിന്റെ ആശങ്കയാണ് വ്യക്തമാക്കുന്നത്. എന്നാല്‍, ഉദ്യോഗസ്ഥരെ മാറ്റിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും ഡല്‍ഹിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു
ശക്തമായി അപലപിച്ച കോണ്‍ഗ്രസ്, തലസ്ഥാനത്തെ തകര്‍ന്ന ക്രമസമാധാന നിലയുടെ വ്യക്തമായ തെളിവാണിതെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് പോലും സ്വന്തം വസതിയില്‍ സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ സാധാരണക്കാരുടെയും സ്ത്രീകളുടെയും അവസ്ഥയെന്താണെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ഡിപിസിസി) അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് ചോദിച്ചു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി പോലീസ് കമ്മീഷണറെ മാറ്റിയ നടപടി, പരാജയം സമ്മതിക്കലാണെന്നും പാര്‍ട്ടി വിലയിരുത്തി.