ന്യൂഡല്‍ഹി: രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയില്‍ സമഗ്രമായ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. നിലവിലുള്ള നാല് നികുതി സ്ലാബുകള്‍ക്ക് പകരം രണ്ടെണ്ണം മതിയെന്ന നിര്‍ദ്ദേശത്തിന് ജിഎസ്ടി നിരക്ക് പുനഃക്രമീകരണം സംബന്ധിച്ച് മന്ത്രിതല സമിതി (GoM) അംഗീകാരം നല്‍കി. കേരള ധനമന്ത്രി കെ.എന്‍. ബാലഗോപാലും സമിതിയില്‍ അംഗമാണ്. നികുതി ഘടന ലളിതമാക്കുകയും ഉപഭോക്താക്കളുടെ ഭാരം കുറയ്ക്കുകയും ലക്ഷ്യമിട്ടുള്ള ‘ജിഎസ്ടി 2.0’ എന്നറിയപ്പെടുന്ന പരിഷ്‌കാരങ്ങളിലെ സുപ്രധാന ചുവടുവെപ്പാണിത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വര്‍ഷങ്ങള്‍ക്കു മുമ്പേ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അംഗീകരിച്ചിരുന്നില്ല.
നിലവില്‍ 5%, 12%, 18%, 28% എന്നിങ്ങനെ നാല് പ്രധാന സ്ലാബുകളിലാണ് ജിഎസ്ടി ഈടാക്കിക്കൊണ്ടിരിക്കുന്നത്. പുതിയ ശുപാര്‍ശ പ്രകാരം, 12%, 28% സ്ലാബുകള്‍ ഇല്ലാതാകും. പകരം, 5%, 18% എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളായിരിക്കും ഉണ്ടാവുക. പുകയില പോലുള്ള ലഹരി ഉല്‍പ്പന്നങ്ങള്‍ക്കും മറ്റ് ചില ആഡംബര വസ്തുക്കള്‍ക്കും നിലവിലുള്ള ഉയര്‍ന്ന നികുതി തുടരും. ഇവയ്ക്കായി 40% എന്ന പ്രത്യേക സ്ലാബ് നിലനിര്‍ത്താനാണ് തീരുമാനം. ആഡംബര കാറുകളെയും ഈ 40% നികുതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വരുന്നതോടെ, നിലവില്‍ 12% സ്ലാബിലുള്ള 99% ഉല്‍പ്പന്നങ്ങളും 5% എന്ന കുറഞ്ഞ നികുതി നിരക്കിലേക്ക് മാറും.അതുപോലെ, 28% സ്ലാബിലുള്ള ഏകദേശം 90% ഉല്‍പ്പന്നങ്ങളെ 18% എന്ന സ്ലാബിലേക്ക് മാറ്റും. ഈ മാറ്റം ജിഎസ്ടിയുടെ തുടക്കത്തില്‍ തന്നെ ആവാമായിരുന്നു എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുകയും നികുതി സ്‌ളാബുകള്‍ രണ്ടു നിരക്കുകളില്‍ ഒതുക്കുകയും ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യം നേരത്തേ അംഗീകരിച്ചിരുന്നുവെങ്കില്‍ ജി എസ് ടി രംഗത്തെ ഇന്നത്തെ കണ്‍ഫ്്യൂഷനും ഒഴിവാക്കാന്‍ കഴിയുമായിരുന്നു.
ബീഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അധ്യക്ഷനായ മന്ത്രിതല സമിതിയില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക , കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും അംഗങ്ങളാണ്. കേന്ദ്ര ധനമന്ത്രാലയം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് സമിതി ധാരണയിലെത്തിയത്.
ഉപഭോക്താക്കള്‍ക്ക് ആശ്വാസം
പുതിയ നികുതി ഘടന സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും വലിയ ആശ്വാസം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മരുന്നുകള്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, മറ്റ് ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെയെല്ലാം നികുതി 5 ശതമാനത്തിലേക്ക് താഴും. ഇത് ദൈനംദിന ജീവിതച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും.
ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ പോലുള്ള വലിയ ഗൃഹോപകരണങ്ങള്‍ക്ക് നിലവിലെ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി നികുതി കുറയും. ഇത് ഇടത്തരം കുടുംബങ്ങള്‍ക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് എളുപ്പമാക്കും. ലളിതവും സുതാര്യവും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതുമായ നികുതി സമ്പ്രദായമാണ് ലക്ഷ്യമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നേരത്തെ മന്ത്രിതല സമിതിയെ അറിയിച്ചിരുന്നു.
ഇന്‍ഷുറന്‍സ് ജിഎസ്ടി ഇളവ് പരിഗണനയില്‍
വ്യക്തികള്‍ എടുക്കുന്ന ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെ ജിഎസ്ടിയില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശവും മന്ത്രിതല സമിതി ചര്‍ച്ച ചെയ്തു. ഇത് അംഗീകരിക്കപ്പെട്ടാല്‍, പോളിസി ഉടമകള്‍ക്ക് പ്രീമിയം അടയ്ക്കുമ്പോള്‍ ജിഎസ്ടി നല്‍കേണ്ടി വരില്ല.
ഈ ഇളവ് നല്‍കുന്നതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം ഏകദേശം 9,700 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മിക്ക സംസ്ഥാനങ്ങളും ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചെങ്കിലും, ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുവെന്ന് ഉറപ്പാക്കാന്‍ ഒരു സംവിധാനം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിതല സമിതിയുടെ ശുപാര്‍ശകള്‍ അന്തിമ തീരുമാനത്തിനായി കേന്ദ്ര ധനമന്ത്രി അധ്യക്ഷയായ ജിഎസ്ടി കൗണ്‍സിലിന് സമര്‍പ്പിക്കും. കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയ്ക്ക് വരും. കൗണ്‍സില്‍ അംഗീകാരം നല്‍കിയാല്‍, 2017-ല്‍ ജിഎസ്ടി നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക. ഇത് ബിസിനസുകള്‍ക്ക് നികുതി അടയ്ക്കല്‍ എളുപ്പമാക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ നികുതി ഭാരം ലഘൂകരിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.