പാര്‍ട്ടിക്കകത്തുള്ള ഏത് നേതാവിനെതിരെയും ഇതുപോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ വന്നാല്‍ പാര്‍ട്ടി അത് ഗൗരവമായി പരിശോധിക്കുകയും മുഖംനോക്കാതെ നടപടിയെടുക്കുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരായാലും ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. പാര്‍ട്ടിയിലെ ഏത് നേതാവായാലും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ ഞാനില്ല. അവരെന്റെ മകളെപ്പോലെയാണ്. ഒരു തെറ്റായ സന്ദേശം അയച്ചെന്ന് ഒരു മകളെപ്പോലെ ഒരു കുട്ടി വന്നു പറഞ്ഞാല്‍ ഒരു പിതാവ് ചെയ്യുന്നതുപോലെ ഞാനും ചെയ്തിട്ടുണ്ട്. എന്നാല്‍, ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് പാര്‍ട്ടി ഗൗരവമായി പരിശോധിക്കും. കോണ്‍ഗ്രസ് നേതാവ് ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി കര്‍ശനമായി കൈകാര്യം ചെയ്യും,’ വി.ഡി. സതീശന്‍ പറഞ്ഞു.
ഇപ്പോള്‍ പറയുന്ന ആരോപണങ്ങളെക്കുറിച്ച് പാര്‍ട്ടിക്ക് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ല. എന്നാല്‍, ഇപ്പോള്‍ ഉയര്‍ന്നുവന്ന ഗൗരവതരമായ ആരോപണങ്ങളില്‍ പാര്‍ട്ടി പരിശോധിച്ച് നടപടിയെടുക്കും. ഈ വിഷയത്തില്‍ ആരെയും പ്രതിരോധിക്കാന്‍ താനില്ലെന്നും പരാതി പരിശോധിച്ച് പാര്‍ട്ടി നടപടിക്രമങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പരാതി ഉന്നയിച്ച പെണ്‍കുട്ടിയെ സി.പി.എം കേന്ദ്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.