ന്യൂഡല്‍ഹി: ഏറെ ബഹളങ്ങളും പ്രതിഷേധവും നിറഞ്ഞ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തിരശ്ശീല വീണു. സമ്മേളനത്തിന്റെ അവസാന ദിനത്തില്‍ നിര്‍ണായകമായ ‘ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍, 2025’ രാജ്യസഭ പാസാക്കി. ലോക്‌സഭയും രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഉപരാഷ്ട്രപതി ധന്‍കരിന്റെ ദുരൂഹ രാജിയുള്‍പ്പടെയുള്ള സംഭവങ്ങളാണ് ഈ കാലയളവില്‍ അരങ്ങേറിയത്.
നഷ്ടമായത് ചര്‍ച്ചകളുടെ മണിക്കൂറുകള്‍
ബിഹാറിലെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (ടകഞ) വിഷയത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങളില്‍ സഭാ നടപടികള്‍ പലപ്പോഴും തടസ്സപ്പെട്ടു. വര്‍ഷകാല സമ്മേളനത്തില്‍ ആകെ 37 മണിക്കൂര്‍ ചര്‍ച്ച മാത്രമാണ് നടക്കാനായതെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള തന്റെ സമാപന പ്രസംഗത്തില്‍ പറഞ്ഞു. ഈ സമ്മേളന കാലയളവില്‍ 12 ബില്ലുകള്‍ ലോക്‌സഭ പാസാക്കിയപ്പോള്‍ 55 ചോദ്യങ്ങള്‍ക്ക് മാത്രമാണ് വാക്കാല്‍ മറുപടി നല്‍കാനായത്. ബഹിരാകാശ പദ്ധതികളെക്കുറിച്ചും, ബഹിരാകാശ നിലയത്തില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയെ ആദരിക്കുന്നതിനും വേണ്ടിയുള്ള പ്രത്യേക ചര്‍ച്ചയും അവസാന ദിവസം പാര്‍ലമെന്റില്‍ നടന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയായിരുന്നു ഈ സമ്മേനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചര്‍ച്ച. ഇതില്‍ പ്രധാനമന്ത്രി മറുപടി പറഞ്ഞെങ്കിലും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ലായിരുന്നു. ബിഹാര്‍ വോട്ടര്‍ പട്ടിക സംബന്ധിച്ച സര്‍ക്കാരിന്റെ കടുംപിടുത്തവും വോട്ടു കൊള്ള ആരോപണവും ശബ്ദായമാനമാക്കിയ സമ്മേളന ഒട്ടേറെ പ്രക്ഷുബ്ധമായ മുഹൂര്‍ത്തങ്ങള്‍ പാര്‍ലമെന്റിനു പുറത്തു അകത്തും ഒരുക്കി. കന്യാസ്ത്രീകളുടെ അറസ്റ്റും നിമിഷപ്രിയയുടെ വധശിക്ഷയും ഒട്ടേറെ തവണ പാര്‍്ലമെന്റിനെ പ്രതിഷേധത്തിരയിലാക്കി . പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളും, കള്ളപ്പണം വെളുപ്പിക്കലും, ഗെയിമിനോടുള്ള അടിമത്തവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണം കഴിഞ്ഞ ദിവസം ലോക്‌സഭയും പാസാക്കിയിരുന്നു. നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും, സമൂഹ മാധ്യമങ്ങളില്‍ ഇതിനെതിരെ പ്രചാരണങ്ങള്‍ വന്നേക്കാമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. എന്നാല്‍, കോടിക്കണക്കിന് രൂപ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെടുത്തുന്ന വികലമായ നയമാണ് സര്‍ക്കാര്‍ നടപ്പാക്കിയെന്നാണ് പ്രതിപക്ഷ ആരോപണം
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ മന്ത്രിമാര്‍ എന്നിവര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടാല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യുന്നത് സംബന്ധിച്ച മൂന്ന് പ്രധാന ബില്ലുകള്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് വിടാന്‍ രാജ്യസഭ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ഇത് കഴിഞ്ഞദിവസം നാടകീയമായ നിമിഷങ്ങള്‍ക്ക് സാ്ക്ഷ്യം വഹിച്ചു . പ്രതിപക്ഷം ബില്ലിന്റെ കോപ്പികള്‍ കീറി മന്ത്രിയുടെ മുന്നില്‍ പറത്തി. ഭരണഘടന (നൂറ്റിമുപ്പതാം ഭേദഗതി) ബില്‍, 2025, കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാര്‍ (ഭേദഗതി) ബില്‍, 2025, ജമ്മു & കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍, 2025 എന്നിവയാണ് സംയുക്ത സമിതിക്ക് വിട്ടത്.
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബി. സുദര്‍ശന്‍ റെഡ്ഡി
അതേസമയം, ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുന്‍ സുപ്രീം കോടതി ജഡ്ജി ബി. സുദര്‍ശന്‍ റെഡ്ഡി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം.