കേര പദ്ധതിക്കായി ലോകബാങ്ക് നല്‍കിയ കോടികളുടെ ഫണ്ട് സര്‍ക്കാര്‍ വകമാറ്റിയ കാര്യം മാധ്യമങ്ങള്‍ക്കു ലഭിച്ചതെങ്ങനെയെന്ന് അന്വേഷിച്ച കൃഷി വകുപ്പിന്റെ റി പ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര ആരോപണം. അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു കൃഷി വകുപ്പിലേക്കെത്തിയ കുറിപ്പിനൊപ്പം ഇ-മെയിലിന്റെ പകര്‍പ്പു ചേര്‍ത്തിരുന്നു. ഇത് അനധികൃതമായാണു മുഖ്യമന്ത്രിയുടെ ഓഫിസിനു ലഭിച്ചതെന്നും, ഐടി നിയമത്തിന്റെ പരിധിയില്‍ അന്വേഷിക്കാവുന്ന കുറ്റകൃത്യമാണെന്നും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോക് കൃഷി മന്ത്രി പി.പ്രസാദിന് റിപ്പോര്‍ട്ട് നല്‍കി.
കൃഷി വകുപ്പിലെ 4 ഉദ്യോഗസ്ഥര്‍ മാത്രം കൈകാര്യം ചെയതിരുന്ന പാസ്വേഡ് സുരക്ഷിതമായിരുന്ന മെയില്‍ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫിസിനു ലഭിച്ചുവെന്നാണു കൃഷി വകുപ്പിന്റെ ചോദ്യം. മാധ്യമങ്ങള്‍ക്കു വാര്‍ത്ത ചോര്‍ന്നതിനെക്കുറിച്ചു മുഖ്യമന്ത്രി നിര്‍ദേശിച്ചപ്രകാരം നടത്തിയ അന്വേഷണം അദ്ദേഹത്തിന്റെ ഓഫിസിനു നേരെ തിരിയുന്നതും ആ ഓഫിസിനെതിരെ അന്വേഷണത്തിനു ശുപാര്‍ശ ചെയ്യുന്നതുമായ അസാധാരണ സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.
കേര പദ്ധതിയുമായി ബന്ധ പ്പെട്ട് കൃഷി വകുപ്പിന് കഴിഞ്ഞ ഏപ്രില്‍ 27ന് ലോക ബാങ്ക് പ്രതിനിധി അയച്ച ഇ മെയില്‍ മാ ധ്യമങ്ങള്‍ക്കു ലഭിച്ചതെങ്ങനെ യെന്നു കണ്ടെത്താനാണു മുഖ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം അന്വേഷണമാരംഭിച്ചത്. ലോക ബാങ്ക് മെയിലിന്റെ പകര്‍പ്പ് സഹിതമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള കുറിപ്പ് സാധാരണ ഇ മെയിലിന്റെ പ്രിന്റ് എടുക്കുമ്പോള്‍ അതിന്റെ തീയതിയും സമയവും മുകളില്‍ രേഖപ്പെടുത്താറുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫിസിലെ കുറിപ്പിനൊപ്പമുള്ള മെയിലിന്റെ പകര്‍പ്പില്‍ ഇതു മറച്ചിട്ടുണ്ട്. പകര്‍പ്പ് തങ്ങള്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് ലോകബാങ്കുമായി ബന്ധപ്പെട്ട ഇ മെയില്‍ കൈകാര്യം ചെയ്ത് കൃഷി വകുപ്പിലെ 4 പേര്‍ അന്വേഷണ ഉദ്യോഗസ്ഥ നു മൊഴി നല്‍കി.
ലോക ബാങ്കിന്റെ ഇ മെയില്‍ അടിസ്ഥാനമാക്കിയല്ല മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നു ചൂണ്ടിക്കാട്ടിയതിലൂടെ ചോര്‍ച്ച യുടെ സ്രോതസ്സ് കൃഷി വകുപ്പല്ലെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കി. ധനവകുപ്പിനെയും ധനമന്ത്രിയെയും ഉദ്ധരിച്ചാണു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും കുട്ടിച്ചേര്‍ത്തു.