കൊല്ലം കടയ്ക്കലില്‍ സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കെപിസിസി പ്രസിഡന്റ് അഡ്വ:സണ്ണി ജോസഫ് എം എല്‍ എ സന്ദര്‍ശിച്ചു.കൊട്ടാരക്കര ആശുപത്രിയില്‍ എത്തിയാണ് കെപിസിസി പ്രസിഡന്റ് പരിക്കേറ്റ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചത്.കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്പിസി വിഷ്ണുനാഥ് എം.എല്‍.എ ,ജനറല്‍ സെക്രട്ടറിഎം എം നസീര്‍ എന്നിവര്‍ക്കൊപ്പമാണ്‌കെപിസിസി അധ്യക്ഷന്‍ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചത്.
സിപിഎം അതിക്രമത്തില്‍ പരിക്കേറ്റവരെഉള്‍പ്പെടെ കേസില്‍ പ്രതിയാക്കാനുള്ള പോലീസിന്റെ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് കെപിസിസി അധ്യക്ഷന്‍ നേരത്തെ ഉയര്‍ത്തിയത്.നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുവാനുള്ള നീക്കത്തില്‍ നിന്ന് പോലീസും അക്രമം അവസാനിപ്പിക്കുവാന്‍ സിപിഎമ്മും തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും നേതാക്കളുടെ വീടുകള്‍ക്ക് നേരെയും വ്യാപക അതിക്രമമാണ് നടത്തിയത്.സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കടയ്ക്കലില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.