ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികളുടെ നിരോധനം ഇന്ത്യന്‍ കായിക, വിനോദ മേഖലകള്‍ക്ക് വന്‍ തിരിച്ചടിയാവും . ഗെയിമിംഗ് കമ്പനകള്‍ ഈ രംഗത്തെ പ്രധാന സാമ്പത്തിക സ്രോതസ്സാണ്. ഈ ബില്‍ നിയമമായാല്‍, ഡ്രീം11 (Dream11) പോലുള്ള റിയല്‍-മണി ഫാന്റസി ഗെയിമിംഗ് ആപ്പുകളുടെ നിലവിലെ പ്രവര്‍ത്തന രീതി ഇന്ത്യയില്‍ നിയമവിരുദ്ധമാകും. ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികളാണ് രാജ്യത്തെ പ്രധാന കായിക ഇനങ്ങളും സ്‌പോണ്‍സര്‍ ചെയ്യുന്നത്.
എന്താണ് നിയമം പറയുന്നത്? വൈദഗ്ധ്യം (skill) ആവശ്യമുള്ള കളിയാണോ ഭാഗ്യം (chance) കൊണ്ടാണോ കളിക്കുന്നത് എന്ന വേര്‍തിരിവ് പുതിയ ബില്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നു. പണം (entry fee) നല്‍കി ഒരു മത്സരത്തില്‍ പങ്കെടുക്കുകയും, വിജയിച്ചാല്‍ കൂടുതല്‍ പണം (prize money) തിരികെ ലഭിക്കാന്‍ സാധ്യതയുമുള്ള എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളെയും ഈ ബില്‍ ‘ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിം’ ആയി കണക്കാക്കി നിരോധിക്കുന്നു.
ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ നിലവിലെ പ്രധാന സ്‌പോണ്‍സര്‍ (Lead Sponosr) ഡ്രീം11 (Dream11) ആണ്. കളിക്കാരുടെ ജേഴ്‌സിയില്‍ നമ്മള്‍ കാണുന്ന പ്രധാന പേര് അവരുടേതാണ്. ഈ നിരോധനം വരുന്നതോടെ ബിസിസിഐക്ക് കോടിക്കണക്കിന് രൂപയുടെ ഈ സ്‌പോണ്‍സര്‍ഷിപ്പ് നഷ്ടമാകും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക ഫാന്റസി ഗെയിം പങ്കാളി ഡ്രീം11 ആണ്. കൂടാതെ, മിക്കവാറും എല്ലാ ഐപിഎല്‍ ടീമുകള്‍ക്കും ഏതെങ്കിലും ഒരു ഗെയിമിംഗ് ആപ്പ് സ്‌പോണ്‍സറായിട്ടുണ്ട്. ഉദാഹരണത്തിന്, My11Circle, Games24x7 (RummyCircle), MPL തുടങ്ങിയവയെല്ലാം വിവിധ ടീമുകളുടെ പ്രധാന സ്‌പോണ്‍സര്‍മാരാണ്.
ഇതു കൂടാതെ പ്രോ കബഡി ലീഗിന്റെയും ഐഎസ്എല്ലിന്റേയും സ്‌പോണ്‍സര്‍മാര്‍ ഫാന്റസി ഗെയിമിംഗ് പ്ലാറ്റ്ഫോമുകളാണ്. ഇവ കൂടാതെ ഹോക്കി, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍ തുടങ്ങിയ കായിക ലീഗുകളുമായും ഈ കമ്പനികള്‍ക്ക് പങ്കാളിത്തമുണ്ട്.
ഇതു കൂടാതെ സിനിമകള്‍ ഉള്‍പ്പടെ മറ്റു വിനോദപരിപാടികളെല്ലാം ഈ കമ്പനികളുമായി ബന്ധപ്പെട്ടിരിക്കുന്നു. സിനിമകളെ ഈ കമ്പനികള്‍ നേരിട്ട് ‘സ്‌പോണ്‍സര്‍’ ചെയ്യുന്ന രീതി കുറവാണെങ്കിലും, വിനോദ മേഖലയുമായി അവര്‍ക്ക് വലിയ സാമ്പത്തിക ബന്ധമുണ്ട്. പ്രമുഖരായ സിനിമാ താരങ്ങളെല്ലാം ഇതിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. ഷാരൂഖ് ഖാന്‍ (A23), ഹൃത്വിക് റോഷന്‍ (RummyCircle) തുടങ്ങിയ മുന്‍നിര ബോളിവുഡ് താരങ്ങളെല്ലാം കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങി ഇത്തരം ആപ്പുകളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്നുണ്ട്. നിരോധനം വരുന്നതോടെ ഈ വരുമാനം നിലയ്ക്കും.
ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളുടെയും, ഹോട്ട്സ്റ്റാര്‍, യൂട്യൂബ് പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെയും ഏറ്റവും വലിയ പരസ്യം ദാതാക്കളില്‍ ഒന്നാണ് ഈ ഗെയിമിംഗ് കമ്പനികള്‍. ഒരു സിനിമ ടിവിയില്‍ ആദ്യമായി വരുമ്പോഴോ, വലിയ റിയാലിറ്റി ഷോകള്‍ നടക്കുമ്പോഴോ കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങളാണ് ഇവര്‍ നല്‍കുന്നത്. ഈ വരുമാനം പൂര്‍ണ്ണമായും ഇല്ലാതാകും. അതുകൊണ്ടു തന്നെ നിരോധനത്തിന്റെ പ്രത്യാഘാതം അതിരൂക്ഷമായിരിക്കും. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും പരസ്യത്തിലൂടെയും കായിക, വിനോദ മേഖലകളിലേക്ക് ഒഴുകിയെത്തിയിരുന്ന ആയിരക്കണക്കിന് കോടി രൂപ ഒറ്റയടിക്ക് നിലയ്ക്കും. ബിസിസിഐ പോലുള്ള വലിയ സ്ഥാപനങ്ങള്‍ക്ക് പോലും ഡ്രീം11 നല്‍കുന്ന അത്രയും വലിയ തുക നല്‍കാന്‍ ശേഷിയുള്ള പുതിയൊരു സ്‌പോണ്‍സറെ പെട്ടെന്ന് കണ്ടെത്തുക വളരെ പ്രയാസമായിരിക്കും. ഇത് അവരുടെ പ്രവര്‍ത്തനങ്ങളെയും വരുമാനത്തെയും സാരമായി ബാധിക്കും. ടെലിവിഷന്‍ ചാനലുകള്‍ക്ക് ഗെയിമിംഗ് കമ്പനികളില്‍ നിന്ന് ലഭിച്ചിരുന്ന ഭീമമായ പരസ്യ വരുമാനം ഇല്ലാതാകും. ഇത് അവര്‍ കായിക മത്സരങ്ങളുടെ പ്രക്ഷേപണ അവകാശം വാങ്ങാന്‍ മുടക്കുന്ന കോടികളുടെ കണക്കുകൂട്ടലുകളെ താളം തെറ്റിക്കും.