ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ജനസമ്പര്‍ക്ക പരിപാടിക്കിടെ ആക്രമണം. ബുധനാഴ്ച രാവിലെ സിവില്‍ ലൈന്‍സിലെ ഔദ്യോഗിക വസതിയില്‍ പ്രതിവാര ‘ജന്‍ സുന്‍വായ്’ പരിപാടി നടത്തുന്നതിനിടെയാണ് സംഭവം. സംഭവത്തില്‍ ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് ഖിംജി എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പരാതികള്‍ കേള്‍ക്കുന്നതിനിടെ പെട്ടെന്ന് മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തിയ ഇയാള്‍, ഒരു കോടതി കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ നല്കിയ ശേഷം കയ്യിലുണ്ടായിരുന്ന ഭാരമുള്ള വസ്തു ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാള്‍ മുഖ്യമന്ത്രിയുടെ തലയ്ക്കടിക്കുകയും ഭാരമുള്ള വസ്തു മുഖ്യമന്ത്രിക്കു നേരേ എറിയുകയും ഉച്ചത്തില്‍ അസഭ്യം പറയുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ ഇടപെട്ട് അക്രമിയെ കീഴടക്കുകയായിരുന്നു.
ഇയാളെ സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ‘ജന്‍ സുന്‍വായ്’ പരിപാടിയില്‍ വെച്ചാണ് മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ പരിക്കേറ്റ മുഖ്യമന്ത്രി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വസതിയില്‍ സുരക്ഷ ശക്തമാക്കി. ഡിസിപി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തില്‍ ശക്തമായ രാഷ്ട്രീയ പ്രതികരണങ്ങളാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ആവശ്യപ്പെട്ടു. രാജ്യത്തെ ക്രമസമാധാന നില അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഡല്‍ഹിയില്‍ ആര്‍ക്കും സുരക്ഷയില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഡല്‍ഹി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ ആരോപിച്ചു. ഒരു മുഖ്യമന്ത്രി ജനങ്ങളുമായി ഇത്രയധികം അടുത്തിടപഴകുന്നത് പ്രതിപക്ഷത്തിന് സഹിക്കാന്‍ കഴിയുന്നില്ലെന്നും, പോലീസ് അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. എഎപിയും സംഭവത്തെ അപലപിച്ചു