SUNNY JOSEPH MLA| ‘അജിത് കുമാറും പി.ശശിയും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവര്‍; അധികാര ദുര്‍വിനിയോഗം നടത്തി അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു’-സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Wednesday, August 20, 2025

എഡിജിപി എം.ആര്‍ അജിത്ത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയത് സര്‍ക്കാരിന് ഏറ്റ തിരിച്ചടിയാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. നിയമവാഴ്ചയെ സര്‍ക്കാര്‍ ചവിട്ടി മെതിച്ചിരിക്കുന്നു. ഉദ്യോഗസ്ഥനെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തെറ്റായ ഇടപെടല്‍ നടത്തി. അതുവഴി സത്യപ്രതിജ്ഞ ലംഘനമാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെക്കണം.
എല്ലാക്കാര്യത്തിലും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ് അജിത് കുമാറും പി.ശശിയും. എല്ലാ തലത്തിലും അധികാര ദുര്‍വിനിയോഗം നടത്തിയാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം വിവിധ വിഷയങ്ങളില്‍ പ്രതികരിച്ചത്.

കത്ത് വിവാദം:

സിപിഎമ്മും മുഖ്യമന്ത്രിയും അഴിമതി കേസിലെ പ്രതികളെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നു. കത്ത് ചോര്‍ച്ചയില്‍ മറുപടി പറയാതെ സിപിഎം മൗനം പാലിക്കുന്നു. സര്‍ക്കാരിലേക്ക് വന്ന പണം സിപിഎം നേതാക്കള്‍ ദുരുപയോഗം ചെയ്ത് എന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കടയ്ക്കല്‍ സിപിഎം അക്രമം:

സിപിഎം ക്രിമിനലുകള്‍ പോലീസ് ഒത്താശയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നു. കഴിഞ്ഞദിവസം കടക്കലിലും അതിനുമുന്‍പ് കായംകുളത്തും ഇത്തരം ആക്രമമുണ്ടായി. നിയമവാഴ്ച പാലിക്കുവാന്‍ പോലീസ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്:

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളുടെ 5 ദിവസത്തെ ജനസമ്പര്‍ക്ക ഭവന സന്ദര്‍ശന പരിപാടി നടക്കും. ഓഗസ്റ്റ് 28,29,30 തീയതികളില്‍ ഭവന സന്ദര്‍ശനം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.