RAHUL GANDHI| ‘വോട്ടര്‍ അധികാര്‍ യാത്ര’യ്ക്ക് ഇന്ന് ഇടവേള; മിണ്ടാട്ടമില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേന്ദ്രത്തിന്‍റെ മറുപടിക്കായി പ്രതിപക്ഷം; സഭ ഇന്നും പ്രക്ഷുബ്ധമാകും

Jaihind News Bureau
Wednesday, August 20, 2025

വോട്ട് കൊള്ളയ്‌ക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ ‘വോട്ടര്‍ അധികാര്‍ യാത്ര’ മികച്ച വിജയമെന്ന് എഐസിസി വിലയിരുത്തല്‍. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യാത്ര മൂന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ വലിയ ജനപിന്തുണയാണ് ലഭിച്ചത്. 16 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ഇന്ന് ഇടവേളയാണ്. നാളെ ഷെയ്ഖ്പൂരില്‍ നിന്ന് യാത്ര പുനരാരംഭിക്കും. അതേസമയം, പാര്‍ലമെന്റില്‍ ബിഹാറിലെ എസ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും.

വര്‍ഷകാല സമ്മേളനത്തിന്റെ 20-ാം ദിവസമാണ് ഇന്ന് ചേരുന്നത്. ഇതുവരെ പ്രതിപക്ഷം ഉന്നയിച്ച വിവിധ ആവശ്യങ്ങളില്‍ മറുപടി പറയാന്‍ കേന്ദ്രം തയാറായിട്ടില്ല. അതിനാല്‍ ഇന്നും സഭ പ്രക്ഷുബ്ധമാകാന്‍ സാധ്യത ഏറെയാണ്. പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കും. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ‘ വോട്ടര്‍ അധികാര്‍ യാത്ര’ 3 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ ഇപ്പോഴും മറുപടി പറയാന്‍ തയാറാകെ കേന്ദ്ര സര്‍ക്കാരിനൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷനും ഒളിച്ചു കളി തുടരുകയാണ്.